തിരുവനന്തപുരം : വേനൽച്ചൂട് കടുത്തതോടെ തീപിടിത്തവും വ്യാപകമാകുന്നു. ചൊവ്വാഴ്ച മാത്രം നഗരത്തിൽ ചിത്രാഞ്ജലി സ്റ്റുഡിയോ വളപ്പിലും വഞ്ചിയൂർ കോടതി പരിസരത്തുമായി നാലിടങ്ങളിലാണ് തീപിടിത്തമുണ്ടായത്.
തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ വളപ്പിലുള്ള കുറ്റിക്കാടുകൾക്ക് തീപിടിച്ചു. തിരുവല്ലം മേനിലം ഭാഗത്തെ ഏകദേശം നാലേക്കറോളം ഭാഗത്തുള്ള കുറ്റിക്കാടുകൾക്കാണ് തീപിടിച്ചത്. ആറു മണിക്കൂറോളമെടുത്താണ് തീ കെടുത്തിയത്. കൊച്ചുള്ളൂരിൽ ഒഴിഞ്ഞുകിടന്ന പറമ്പിൽ മാലിന്യം കത്തിയത് അണയ്ക്കാനും മണിക്കൂറുകളെടുത്തു. നെട്ടയത്തിനു സമീപവും കനത്ത തീപിടിത്തമുണ്ടായി.
തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ വളപ്പിൽ വെച്ചുപിടിപ്പിച്ചിട്ടുള്ള അക്കേഷ്യമരങ്ങളിൽ പലതും കത്തിക്കരിഞ്ഞു. തീപിടിത്തമുണ്ടായ മേഖലയിൽ ഷൂട്ടിങ്ങിനായി നിർമിച്ചിരുന്ന ക്ഷേത്രങ്ങളും മറ്റ് സെറ്റുകളിലും തീപടരാത്തത് ആശ്വാസമായി.
വഞ്ചിയൂർ കോടതിവളപ്പിൽ പഴയ വാഹനങ്ങൾ നിർത്തിയിട്ടിരുന്ന ഷെഡ്ഡിന് സമീപമാണ് തീപിടിത്തമുണ്ടായത്. കരിയിലകൾക്ക് തീപിടിച്ചതോടെ അഗ്നി ചുറ്റും പടർന്നു. അഗ്നിരക്ഷാസേനയെത്തി ഉടൻ തീകെടുത്തി.
കൊച്ചുള്ളൂരിന് സമീപം ജനവാസപ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിലാണ് ഉച്ചയോടെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത്. നെട്ടയം മണലയത്ത് സ്വകാര്യവസ്തുവിലെ കാടിനു തീപിടിച്ചു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അഗ്നിരക്ഷാ സേനയുടെ തിരുവനന്തപുരത്ത് നിന്നും രണ്ടു യൂണിറ്റും നെടുമങ്ങാട്ടുനിന്നു ഒരു യൂണിറ്റും സ്ഥലത്തെത്തി.
മൂന്നര മണിക്കൂറിനുള്ളിലെ പരിശ്രമത്തിനൊടുവിൽ തീ കെടുത്താനായി. നെട്ടയം മുക്കോലയിൽ വിജയൻ എന്നയാളുടെ തടിക്കടയിലും തീപിടിത്തമുണ്ടായി. കടയുടെ പുറകിലെ പറമ്പിൽ തീയിട്ടത് പടർന്നതാണ്. പക്ഷേ, വലിയ നാശനഷ്ടമില്ല. അഗ്നിരക്ഷാസേന സ്ഥലത്തെത്തും മുൻപ് തന്നെ ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു.
