വിഴിഞ്ഞം: വിഴിഞ്ഞത്തെ സീ ഫുഡ് റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ച ആറംഗസംഘത്തിലെ രണ്ടുപേർ ഭക്ഷ്യവിഷബാധയേറ്റു മരിച്ചുവെന്ന സംശയത്തെത്തുടർന്ന് റസ്റ്ററന്റ് പൂട്ടി. വിഴിഞ്ഞം കടൽത്തീരത്തെ അസ്മാക്ക് സീ ഫുഡ് റസ്റ്ററന്റാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ചൊവ്വാഴ്ച രാവിലെ പത്തോടെ പൂട്ടിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിപത്രമുണ്ടെങ്കിലും കോർപ്പറേഷന്റെ ലൈസൻസ് ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി നൂറുദീന്റെ ഉടമസ്ഥതയിലാണ് നാലുവർഷമായി റസ്റ്ററന്റ് പ്രവർത്തിക്കുന്നത്.
കോർപ്പറേഷൻ, ഭക്ഷ്യസുരക്ഷാ വകുപ്പ്, വിഴിഞ്ഞം, ചടയമംഗലം പോലീസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ റസ്റ്ററന്റ് വീണ്ടും തുറന്നു പരിശോധിച്ചു.
നിലമേലിൽ നിന്നെത്തിയ ആറംഗസംഘം തിങ്കളാഴ്ച രാത്രി 10.15ഓടെ റസ്റ്ററന്റിൽ കടൽ വിഭവങ്ങൾ കഴിക്കുന്നതിന് എത്തിയിരുന്നു. പൊറോട്ട, അപ്പം, മീൻമുട്ട, കല്ലുമ്മേക്കായ, കൊഞ്ച്, കപ്പ, കണവാതോരൻ എന്നിവയാണ് കഴിച്ചതെന്ന് സംഘത്തിലുണ്ടായിരുന്ന കണ്ണൻ പോലീസിനു മൊഴിനൽകി. രാത്രി 11.30-ഓടെ നിലമേലിലേക്കു തിരിച്ചുപോയി. യാത്രാമധ്യേ റഷീദാബീവിക്കും മരുമകൻ ഷാജിക്കും ശാരീരികാസ്വസ്ഥതയുണ്ടായി.
റസ്റ്ററന്റിലെ ഒന്നാംനിലയിലെ മേശയ്ക്കു ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് വിഴിഞ്ഞം പോലീസ് ഉറപ്പുവരുത്തി. ഈ റസ്റ്ററന്റിലല്ല ഇവർ എത്തിയതെന്ന് കടയുടമയുടെ സഹോദരൻ ഉന്നയിച്ച പരാതിയെത്തുടർന്നാണ് പോലീസ് സി.സി.ടി.വി. ദൃശ്യം പരിശോധിച്ചത്. മത്സ്യം സൂക്ഷിച്ചിരുന്ന ഷെഡ്ഡിലും പരിശോധന നടത്തി.
റസ്റ്ററന്റിന്റെ സമീപത്തെ ഷെഡ്ഡിൽ ഐസ് പെട്ടികളിലാക്കിയാണ് വലിയ കൊഞ്ചും ചെമ്പല്ലിയും വേളപ്പാരയും അടക്കമുള്ള മീനുകൾ സൂക്ഷിച്ചിരിക്കുന്നത്. നിലമേലിൽ നിന്നുള്ള സംഘം കുടിച്ചുവെന്നു പറഞ്ഞിരുന്ന പെപ്സി, കുപ്പിവെള്ളം അടക്കമുള്ളവയുടെ സാംപിളും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ചു. ഇവ പരിശോധനയ്ക്ക് അയക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
:ഈ മേഖലയിലെ സീ ഫുഡ് റസ്റ്ററന്റുകളിൽ മീനുകളും മറ്റു കടൽജീവികളും വിഴിഞ്ഞത്തുനിന്നു മാത്രമല്ല, തമിഴ്നാട്ടിൽനിന്നും എത്തിക്കാറുണ്ടെന്ന് കടയുടമ പറഞ്ഞു. വിഴിഞ്ഞത്തെ പ്രാദേശിക മത്സ്യത്തൊഴിലാളികൾ നൽകുന്നത് ഫ്രഷ് മത്സ്യമാണെന്നാണ് റസ്റ്ററന്റുകാരുടെ വാദം. മീൻമുട്ടയും മറ്റു ചില മത്സ്യങ്ങളും എത്തിക്കുന്നത് തമിഴ്നാട് ഭാഗത്തുനിന്നുമാണ്.
