തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കുടിശ്ശികയായ ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ അനുവദിച്ച് ഉത്തരവായത് സ്വാഗതാർഹമാണെന്നും സംതൃപ്ത സിവിൽ സർവീസിനായുള്ള ഇടത് സർക്കാരിൻ്റെ കരുതൽ മാതൃകാപരമാണെന്നും ജോയിൻ്റ് കൗൺസിൽ ഡി.എച്ച്.എസ് മേഖലാ സമ്മേളനം വിലയിരുത്തി.
മാർച്ച് 11,12 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച ഡി.എച്ച്.എസ്മേഖലാ സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (ആനയറ വേൾഡ് മാർക്കറ്റ് കോൺഫറൻസ് ഹാൾ) ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ആഷ്വേർഡ് പെൻഷൻ പദ്ധതി ജീവനക്കാർക്ക് ആശ്വാസകരമാണെങ്കിലും ജീവനക്കാരുടെ ശമ്പളവിഹിതം പിടിച്ചു കൊണ്ടുള്ള ഒരു പെൻഷൻ പദ്ധതിയോടും ജോയിൻ്റ് കൗൺസിൽ യോജിക്കുന്നില്ലെന്നും ജീവനക്കാരുടെ ആശങ്കകൾ അകറ്റണമെന്നും ഡി.എച്ച്.എസ് മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
മേഖലാ കമ്മിറ്റി പ്രസിഡൻ്റ് പ്രദീപ് ലാൽ.റ്റി അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല സംഘടനാ റിപ്പോർട്ടും, മേഖലാ സെക്രട്ടറി വിനീഷ് തോട്ടിൻകര പ്രവർത്തന റിപ്പോർട്ടും, മേഖലാ ട്രഷറർ ഗോകുൽ വരവുചെലവ് കണക്കും, അവതരിപ്പിച്ചു.
ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ.സരിത, സംസ്ഥാന കൗൺസിൽ അംഗം ആർ.ശരത് ചന്ദ്രൻ നായർ, നോർത്ത് ജില്ലാ കമ്മിറ്റി അംഗം ദിലീപ് കുമാർ, നോർത്ത് ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് എൻ.റസിയ എന്നിവർ പ്രസംഗിച്ചു.
ഡി.എച്ച്.എസ് മേഖലാ കമ്മിറ്റി ഭാരവാഹികളായ പ്രദീപ്കുമാർ രക്തസാക്ഷി പ്രമേയവും, സന്തോഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിനീഷ് തോട്ടിൻകര സ്വാഗതവും, അനുശ്രീ നന്ദിയും പറഞ്ഞു.
ജോയിൻ്റ് കൗൺസിൽ ഡി.എച്ച്.എസ് മേഖലാ കമ്മിറ്റി ഭാരവാഹികളായി സന്തോഷ് മോഹൻ (പ്രസിഡൻ്റ്), പ്രദീപ് കുമാർ, രാജീവ് (വൈസ് പ്രസിഡന്റുമാർ), വിനീഷ് തോട്ടിൻകര (സെക്രട്ടറി), അശോക്, രജിത്ത് (ജോയിൻ്റ് സെക്രട്ടറിമാർ), വിനീത് മുണ്ടെല (ട്രഷറർ) എന്നിവരെയും മേഖലാ വനിതാ കമ്മിറ്റി ഭാരവാഹികളായി മൈത്രി.കെ (പ്രസിഡൻ്റ്), മഞ്ജുമോൾ (സെക്രട്ടറി), അനുശ്രീ (വൈസ് പ്രസിഡൻ്റ്), രേഷ്മ (ജോയിൻ്റ് സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
