അഴൂർ: പഞ്ചായത്തിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടുവെന്നാരോപിച്ച് നടക്കുന്ന സമരങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് അഴൂർ ഗ്രാമപഞ്ചായത്ത് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി പഞ്ചായത്തിലെ ജലക്ഷാമം നേരിടാൻ വളരെ കാര്യക്ഷമമായ ഇടപെടലുകളാണ് നടത്തിവരുന്നത്. കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷമായി ബാധിച്ച കൊട്ടാരം തുരുത്ത്, മാടൻവിള വാർഡുകളിൽ മാത്രം 5000 ലിറ്റർ, 3000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കറുകളിലായി ആറ് തവണ വെള്ളം എത്തിച്ചുകഴിഞ്ഞു. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ജലം വിതരണം ചെയ്തതും ഈ മേഖലകളിലാണെന്ന് പ്രസിഡന്റ് കീർത്തി സൈജു അവകാശപ്പെട്ടു.
ഒരു ദിവസം മാത്രം 5000 ലിറ്ററിന്റെ രണ്ട് ടാങ്കറുകളും 3000 ലിറ്ററിന്റെ ഒരു ടാങ്കറും ഉൾപ്പെടെ 13,000 ലിറ്റർ വെള്ളമാണ് കൊട്ടാരം തുരുത്ത്, മാടൻവിള വാർഡുകളിൽ വിതരണം ചെയ്തത്.ആകെയുള്ള 18 വാർഡുകളിൽ ജലക്ഷാമം നേരിടുന്ന 13 വാർഡുകളിലും കൃത്യമായ ഇടവേളകളിൽ ടാങ്കറുകൾ വഴി വെള്ളം എത്തിക്കുന്നുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പകൽ സമയങ്ങളിൽ മാത്രമല്ല, രാത്രികാലങ്ങളിൽ പോലും കുടിവെള്ള വിതരണം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി. നിലവിലെ വസ്തുതകൾ ഇതായിരിക്കെ, രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാത്രമാണ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതെന്നാണ് പഞ്ചായത്തിന്റെ നിലപാട്.
g
