തിരുവനന്തപുരം : യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. വികസനവും ക്ഷേമവും കൈകോർത്ത് മുന്നോട്ടുകൊണ്ടുപോകുമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയമാണ് ബജറ്റിന്റെ മുഖ്യ ആധാരമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബജറ്റിലെ പ്രധാന പ്രഖ്യാപനമായി ‘മിഷൻ സമുദ്ര’ പദ്ധതിയും അവതരിപ്പിച്ചു. കേരളത്തിന്റെ തീരദേശ മേഖല, തുറമുഖങ്ങൾ, ഉൾനാടൻ ജലപാതകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവയെ ഏകോപിപ്പിച്ച് സമഗ്രമായ സമുദ്രാധിഷ്ഠിത സാമ്പത്തിക ശൃംഖല രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. റോഡ്, സമുദ്ര ഗതാഗതം, ഉൾനാടൻ ജലപാതകൾ എന്നിവ സംയോജിപ്പിച്ച് സംസ്ഥാനത്തെ ശക്തമായ മാരിടൈം സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക വെല്ലുവിളികൾക്കിടയിലും യു.ഡി.എഫ്. സർക്കാർ വാഗ്ദാനം ചെയ്ത ഇന്ദിരാ ഗ്യാരണ്ടികളിൽ പലതും ഇതിനകം നടപ്പാക്കിയതായി ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതി, അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധന എന്നിവ അതിന്റെ ഉദാഹരണങ്ങളാണെന്നും വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്ന യുവാക്കളെ സംസ്ഥാനത്ത് തന്നെ നിലനിർത്താനും അവരുടെ കഴിവുകളും വൈദഗ്ധ്യവും കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താനുമുള്ള പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും വി.ഡി. സതീശൻ ബജറ്റ് അവതരണത്തിന്റെ ആമുഖത്തിൽ അറിയിച്ചു.
