തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ഹരിതകർമസേനാംഗങ്ങൾക്ക് നമസ്തേ പദ്ധതിയുടെ ഭാഗമായി വിതരണംചെയ്ത കിറ്റിന്റെ പേരിൽ വിവാദം.
കിറ്റിലെ യൂണിഫോമിന്റെ ഭാഗമായ ജാക്കറ്റിന്റെ കാവിനിറത്തെച്ചൊല്ലിയാണ് ആരോപണം ഉയരുന്നത്. ഹരിതകർമസേനാംഗങ്ങളുടെ യൂണിഫോം കാവിവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.കൗൺസിലിൽ ചർച്ചചെയ്യാതെ മേയർ തീരുമാനമെടുത്തതെന്നതടക്കമാണ് പ്രതിപക്ഷ ആരോപണം.
കാവി ജാക്കറ്റ്, കൈയുറ, മഞ്ഞ തൊപ്പി, മാസ്ക്, ഷൂ എന്നിവയാണ് കിറ്റിലുണ്ടായിരുന്നത്. കഴിഞ്ഞദിവസംനടന്ന ചടങ്ങിൽ മേയർ വി.വി.രാജേഷാണ് കിറ്റുകൾ വിതരണം ചെയ്തത്.വിതരണംചെയ്തത് കേന്ദ്ര സർക്കാരിന്റെ നമസ്തേ പദ്ധതിയുടെ ഭാഗമായുള്ള കിറ്റെന്ന് മേയർ വി.വി.രാജേഷ് അറിയിച്ചു.
വാഹനങ്ങളുടെ റിഫ്ലക്ഷൻ കിട്ടുന്നതരത്തിലുള്ള ജാക്കറ്റാണ് കിറ്റിലുള്ളത്. ഇതു രാത്രിയിലും അതിരാവിലെയും റോഡിനു സമീപം ജോലിചെയ്യുന്ന ഹരിതകർമസേനാംഗങ്ങൾക്ക് ഉപകരിക്കും. യൂണിഫോമിന്റെ നിറംമാറ്റുന്നതരത്തിലുള്ള ആലോചനകളൊന്നും നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു. കിറ്റിലെ നിറം തീരുമാനിക്കുന്നത് കേന്ദ്രസർക്കാരാണെന്നും അറിയിച്ചുയൂണിഫോമിന്റെ നിറംമാറ്റുന്നത് കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് എൽ.ഡി.എഫ്. കോർപ്പറേഷൻ പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് ആരോപിച്ചു..
ഹരിതകർമസേനയ്ക്കു പേരിനെ അന്വർഥമാക്കുന്ന രീതിയിലാണ് പച്ചനിറത്തിലുള്ള യൂണിഫോം നിശ്ചയിച്ചത്. നിറംമാറ്റി പദ്ധതിയെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം അപലപനീയമാണെന്നും അദ്ദേഹം അറിയിച്ചു.
