വർക്കല: അല്ലാഹു മനുഷ്യന് കനിഞ്ഞുനൽകിയ സകല അനുഗ്രഹങ്ങളിലും വെച്ച് ഏറ്റവും മഹത്തരവും വലുതും വിജ്ഞാനമാണെന്ന് കാട്ടുചന്ത ജുമാ:മസ്ജിദ് ചീഫ്ഇമാം വെമ്പായം തൻസീർ മന്നാനി അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅ: മന്നാനിയ്യ കാമ്പസ്സിൽ നടക്കുന്ന ബുഖാരി മജ്ലിസിൽ ഏഴാം ദിവസമായ വെള്ളിയാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്ലാം മതവും പ്രബോധനങ്ങളും വിജ്ഞാനത്തിന് അതിരുടയാത്ത വലിപ്പവും പ്രഥമ പരിഗണനയുമാണ് നൽകുന്നതെന്ന് അദ്ദേഹം ഉണർത്തി. ആധുനിക കാലഘട്ടത്തിൽ വിവരങ്ങളുടെ പ്രവാഹമാണെങ്കിലും, അവയിൽ നിന്നും ആധികാരികതയുള്ള യഥാർത്ഥ വിജ്ഞാനങ്ങൾ നാം കണ്ടെത്തി സ്വീകരിക്കുകയെന്നത് ഓരോ സത്യവിശ്വാസിയുടെയും വലിയ ഉത്തരവാദിത്തമാണെന്നും തൻസീർ മന്നാനി കൂട്ടിച്ചേർത്തു.
ബുഖാരി മജ്ലിസിന്റെ എട്ടാം ദിവസമായ ജൂലൈ 25, ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മന്നാനിയ്യ ബുഖാരി ഹാളിൽ എലികുന്നാംമുകൾ ജുമാ:മസ്ജിദ് ചീഫ്ഇമാം അൽ ഹാഫിസ് വഞ്ചിയൂർ റിയാസ് മന്നാനി പ്രഭാഷണം നടത്തും.
