
ചിറയിൻകീഴ്;ആറ്റിങ്ങൽ ബൈപാസിൽ രാമച്ചം വിളഭാഗത്തെ
മേൽപാലം പണികൾന നിലച്ചതോടെ അപകട സാധ്യത ഏറുന്നു.
ചരക്കു ലോറികളും,ബസുകളുമുൾപ്പെടെ 100 കണക്കിന് വാഹനങ്ങൾ ദിവസേന
കടന്നുപോകുന്ന ചിറയിൻകീഴ് ആറ്റിങ്ങൽ റോഡിന് മധ്യേ മൂന്ന് വർഷം മുൻപാണ് 25 അടിയിലധികം താഴ്ചയിൽ കുഴിച്ച് മണ്ണെടുത്തത്.
ഓരോ വാഹനങ്ങൾക്ക് കടന്നുപോകാനാകുന്ന തരത്തിൽ
70 മീറ്ററിലധികം നീളത്തിൽ യു ആകൃതിയിലാണ്
ഇരുവശങ്ങളിലും കുത്തനെയുള്ള കയറ്റിറക്കങ്ങളിൽ താൽക്കാലിക റോഡുകൾ നിർമിച്ചിട്ടുളളത്.
ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ ഏതു നിമിഷവും അപകടത്തിൽപ്പെടാവുന്ന നിലയിലാണ്.മണ്ണിടിച്ച ഭാഗങ്ങൾക്ക് ഇരുവശവും കമ്പിവേലികൾ സ്ഥാപിച്ചതൊഴിച്ചാൽ മറ്റ്സുരക്ഷാമാർഗ്ഗങ്ങളുമില്ല.
നിറയെ യാത്രക്കാരുമായി ഈ ഭാഗത്തുകൂടി കടന്നുപോകുന്ന ബസുകൾ കുത്തനെയുള്ള കയറ്റം കയറാനാകാതെപലപ്പോഴും പിറകിലേയ്ക്കിറങുകയാണ്. ഡ്രൈവറുടേയും കണ്ടക്ടർമാരുടെയും സമയോജിത ഇടപെടലിൽ തലനാരിഴക്കാണ് പലപ്പോഴും അപകടങ്ങൾ ഒഴിവാകുന്നത്. ഇരുവശങ്ങളിലെയും മണ്ണിടിയുന്നത് അപകടസാധ്യത വർധിപ്പിച്ചിട്ടുണ്ട്. അടുത്തിടെ മണ്ണുമായി വന്ന ലോറി ഇവിടെ ചരിഞ്ഞിരുന്നു. മണ്ണുമാന്തിയുൾപ്പെടെ എത്തിച്ച് താങ്ങിനിർത്തിയാണ് അപകടം ഒഴിവാക്കിയത്.
തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി യാത്രയും ദുരിതത്തിലാണ്.
ചിറയിൻകീഴ് ആറ്റിങ്ങൽ റൂട്ടിൽ
മിനിറ്റുകളുടെ വ്യത്യാസത്തിലാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്.
ഇവിടെചുറ്റിസഞ്ചരിക്കുമ്പോഴുണ്ടാകുന്ന സമയനഷ്ടം നികത്താൻ മരണപ്പാച്ചിൽ നടത്തുന്നതിനാൽ അപകട സാധ്യത വർധിക്കുന്നു. ദേശീയ പാതയിൽ മാമത്ത് നിന്നും കല്ലമ്പലം ആഴാംകോണത്ത് എൻ എച്ച് 66 ൽ കയറുന്ന രീതിയിൽ 11.150 കിലോമീറ്റർ ദുരത്തിലാണ് ബൈപാസ് .നിർമാണം ആരംഭിച്ച് നാലു വർഷം പിന്നിട്ടിട്ടും പലസ്ഥലങ്ങളിലും റോഡിന്റെ രൂപം പോലും ആയിട്ടില്ല.
നിലവിൽ നിർമാണം നിലച്ച നിലയിലാണ്.
പ്രവൃത്തികളിലെ കാലതാമസവും വീഴ്ചയും കാരണം ആദ്യം കരാറെടുത്ത കമ്പനിയെ ദേശീയപാതഅധികൃതർ ഒഴിവാക്കിയിരുന്നു. പുതിയ കമ്പനി വന്നിട്ടും പ്രവൃത്തികൾ ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ഇതിനിടെ
കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള ഭാഗത്ത് 12 ഉയരപ്പാതകളുടെയും 2 കട്ട് ആൻഡ് കവർ ടണലുകളുടെയും ഒരു അടിപ്പാതയുടെയും നിർമാണത്തിനായി അടുത്തിടെ ദേശീയപാത അതോറിറ്റി 959.25 കോടി രൂപയുടെ കരാർ ക്ഷണിച്ചിട്ടുണ്ട്.
വയൽ പ്രദേശങ്ങളിലടക്കം
മണ്ണ് നിറച്ചു നടത്തിയ നിർമാണങ്ങളിലെ അപാകതമൂലം അപകടമുണ്ടായതിനെ തുടർന്ന് ഡിസൈൻ പുനഃപരിശോധിച്ച് ഉയരപ്പാതകളുടെ നീളം കൂട്ടാനാണ് തീരുമാനം. അങ്ങനെയെങ്കിൽ നിർമാണ പ്രവൃത്തികൾ ഇനിയും അനിശ്ചിതമായി നീണ്ടേക്കും.ഇതും നാട്ടുകാർക്കിടയിൽ ആശങ്കയുണ്ടാക്കുന്നു.
