
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.
കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ദുരന്തസാധ്യത മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശം.
അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ ആവശ്യമായ ഘട്ടങ്ങളിൽ മുൻകൂട്ടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.
താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മലയോര മേഖലകളിൽ മഴ ശക്തമായാൽ ഗതാഗതം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം.
പൊലീസ്, ഫയർഫോഴ്സ്, റവന്യൂ, തദ്ദേശസ്ഥാപനങ്ങൾ, ജലസേചനം, കെ.എസ്.ഇ.ബി, ഫിഷറീസ്, തീരദേശ പൊലീസ് തുടങ്ങിയ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
കാലാവസ്ഥാ മുന്നറിയിപ്പുകളിൽ മാറ്റം വരുന്നതിനനുസരിച്ച് അലർട്ടുകളിലും മാറ്റമുണ്ടാകാമെന്നും അധികൃതർ അറിയിച്ചു.
