
തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടെ മന്ത്രിമാരുടെ വിദേശയാത്ര തുടരും. നാല് മന്ത്രിമാരും ചീഫ് വിപ്പും വിദേശയാത്രക്കൊരുങ്ങുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍, ജലവകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, ചീഫ് അപു ജോസഫ് എന്നിവര്‍ യൂറോപ്പിലേക്കും വൈദ്യുത മന്ത്രി സണ്ണി ജോസഫ്, റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ എന്നിവര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുമാണ് പോകുന്നത്.
ഇറ്റലിയിലേക്കും സ്പെയിനിലേക്കുമാണ് റോജി എം ജോണിന്റെ ആറ് ദിവസത്തെ യാത്ര. ഒക്ടോബര്‍ 16 മുതല്‍ 23 വരെ മന്ത്രി വിദേശയാത്രയിലായിരിക്കും. 16-ാം തീയതി മുതല്‍ 19-ാം തീയതി വരെ സ്പെയിനിലെ മാഡ്രിഡും ബാര്‍സലോണയും സന്ദര്‍ശിക്കും. 20 മുതല്‍ 22 വരെ ഇറ്റലിയിലെ റോമില്‍ കാത്തലിക്ക് കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റിലും പങ്കെടുക്കും. യാത്രാ ചെലവ് മന്ത്രി സ്വയം വഹിക്കുമെന്നാണ് അപേക്ഷയിലുള്ളത്.
ഒക്ടോബര്‍ 17 മുതല്‍ 25 വരെയാണ് മന്ത്രി മോന്‍സ് ജോസഫിന്റെ ഇറ്റലിയിലേക്കുള്ള യാത്ര. കാത്തലിക്ക് കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കും. സമാന പരിപാടിയില്‍ പങ്കെടുക്കാനാണ് മോന്‍സ് ജോസഫും ഇറ്റലിയിലേക്ക് പറക്കുന്നത്. ഇന്‍കാസിന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കാനാണ് സണ്ണി ജോസഫും എ പി അനില്‍ കുമാറും ഗള്‍ഫിലേക്ക് പോകുന്നത്. നേരത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി, കായിക മന്ത്രി ഒ ജെ ജനീഷ്, റവന്യൂ മന്ത്രി പി സി വിഷ്ണുനാഥ് എന്നിവര്‍ നടത്തിയ വിദേശ യാത്ര വിവാദമായിരുന്നു.
