
തിരുവനന്തപുരം: തീരദേശ മേഖലയിലെ യുവജനങ്ങളുടെ തൊഴിൽസാധ്യതകൾ വർധിപ്പിക്കുന്നതിനും സാമ്പത്തിക സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിനുമായി നാടി ഫൗണ്ടേഷനും ടു-തേർഡ്സ് കമ്മ്യൂണിറ്റി ഫൗണ്ടേഷനും സംയുക്തമായി ഹിറ്റാച്ചി മാനേജ്മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ തൊഴിൽമേള സംഘടിപ്പിച്ചു. ഒക്ടോബർ 14ന് മുതലപൊഴിയിലെ ടു-തേർഡ്സ് കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി സ്പേസിൽ നടന്ന പരിപാടിയിൽ 30 യുവാക്കൾ പങ്കെടുത്തു.
എടിഎം ഓപ്പറേഷൻസ് (കസ്റ്റോഡിയൻ) തസ്തികയിലേക്കുള്ള നിയമനത്തിനായി സംഘടിപ്പിച്ച അഭിമുഖത്തിൽ പത്താം ക്ലാസ്, പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരം ലഭിച്ചു. 34 വയസ്സിൽ താഴെയുള്ളവർക്കായി 20 ഒഴിവുകളാണ് മേളയിലൂടെ ലഭ്യമാക്കിയത്.
തീരദേശ മേഖലയിലെ യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തുകയും അവരുടെ തൊഴിൽശേഷിയും സാമ്പത്തിക സ്വാതന്ത്ര്യവും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ടു-തേർഡ്സ് കമ്മ്യൂണിറ്റി ഫൗണ്ടേഷൻ നടപ്പാക്കുന്ന യുവശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തൊഴിൽമേള സംഘടിപ്പിച്ചത്. യുവജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിലൂടെ തീരദേശ സമൂഹത്തിന്റെ സമഗ്രവികസനം സാധ്യമാക്കുകയാണ് ഇത്തരം പ്രവർത്തനങ്ങളുടെ ലക്ഷ്യം.
