ആറ്റിങ്ങൽ: അനധികൃത മത്സ്യ വ്യാപാരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുബാറക് ഇസ്മായിൽ, ശുചീകരണ തൊഴിലാളി ഷിബു എന്നിവരെ അകാരണമായി സസ്പെൻഡ് ചെയ്തതിനെതിരെയാണ് കെ.എം.സി.എസ്.യു ആറ്റിങ്ങൽ യൂണിറ്റിന്റെ പ്രതിഷേധം. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ഉൾപ്പെടുന്ന മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനം നീയമപരമായി നടപ്പിലാക്കിയ ജീവനക്കാർക്കെതിരെ ആണ് ഈ നടപടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊതു മാർക്കറ്റുകൾ മത്സ്യ കച്ചവടക്കാർക്ക് വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ ഈ സംവിധാനം ഇവർ ഉപയോഗിക്കാതെയാണ് തിരക്കേറിയ ഇടങ്ങളിൽ അനധികൃത വ്യാപാരം നടത്തുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും, തെരുവ് നായ്ക്കളുടെ ശല്യം പെരുകാനും, ഗതാഗത കുരുക്ക്, റോഡപകടങ്ങൾ എന്നിവക്കും ഇവ കാരണമാകും. അനധികൃത കച്ചവടങ്ങൾ നിരോധിച്ചതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ ഉത്തരവും നഗരസഭ കൗൺസിലിന്റെ തീരുമാനവും ഇതോടെ നോക്കുകുത്തിയായി മാറുകയാണ്. റെയ്ഡിൽ പങ്കെടുത്ത ജീവനക്കാർ സംയമന പരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കൂടാതെ ഇത്തരം കച്ചവടക്കാർക്ക് ദിവസങ്ങൾക്ക് മുമ്പേ തന്നെ മത്സ്യ വ്യാപരം പൊതു മാർക്കറ്റുകൾ കേന്ദ്രീകരിച്ച് നടത്തുവാൻ നിർദ്ദേശവും ആരോഗ്യ വിഭാഗം നൽകിയിരുന്നു. മറ്റാരുടെയെങ്കിലും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നിരപരാധിയായ ജീവനക്കാരെ കുരുതി കൊടുക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അതിനാൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ സമര പരിപാടികളുമായി കെ.എം.സി.എസ്.യു മുന്നോട്ട് പോകുമെന്നും യൂണിറ്റ് ഭാരവാഹികളായ രാജൻ, വിനോദ്, ശില്പ എന്നിവർ അറിയിച്ചു.
