എസ്.എം.വി.ഗവ: മോഡൽ സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ പരീക്ഷ എഴുതുന്ന പത്താം തരം തുല്യതാ പഠിതാക്കളെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു.
കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിററി പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ 14-ാം ബാച്ചിൽ തിരുവനന്തപുരം ജില്ലയിൽ 17 പരീക്ഷാ കേന്ദ്രങ്ങളിലായി 1002 പഠിതാക്കൾ പരീക്ഷ എഴുതുന്നു. ജില്ലയിൽ ഏററവും കൂടുതൽ പഠിതാക്കൾ പരീക്ഷ എഴുതുന്നത് എസ്.എം.വി.ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിലാണ്. 162 പഠിതാക്കളാണ് പരീക്ഷയെഴുതുന്നത്. ഇതിൽ 75 സ്ത്രീകളും, 85 പുരുഷൻമാരും, 2 ട്രാൻസ്ജെൻഡേഴ്സസും, 8 ഭിന്നശേഷിക്കാരും ഉൾപ്പെടുന്നു. മാത്രവുമല്ല ജില്ലയിലെ ഏറ്റവും മുതിർന്ന പഠിതാവുകൂടിയായ 73 വയസ്സുള്ള സുധാകരനും നാലാം തരം തുല്യതയും ഏഴാം തരം തുല്യതാ കോഴ്സും വിജയിച്ച 61 വയസ്സുള്ള ലൂസിയും ആറ് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി കലാരേഖയും ഇതേ സ്കൂളിലാണ് പരീക്ഷ എഴുതുന്നത്.
കോവിഡ് കാലത്ത് ഓൺലൈനും ഓഫ്ലൈനും ക്ലാസുകളിലായാണ് പഠിതാക്കൾ പഠനം പൂർത്തീകരിച്ചത്. ഈ പഠന പരിപാടിയിൽ വിജയിക്കുന്നവർക്ക് ഹയർ സെക്കന്ററി തുല്യതാ പഠനത്തിന് അവസരം സാക്ഷരതാമിഷൻ ഒരുക്കുന്നതാണ്. ജില്ലാ പഞ്ചായത്ത് പത്താം തരം തുല്യത കോഴ്സിന് എട്ട് ലക്ഷം രൂപ ഈ വർഷത്തെ (2020-21) പദ്ധതിയിൽ തുക നീക്കിവച്ചിട്ടുണ്ട്.
ചടങ്ങിൽ തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.കെ.എസ്.റീന, സംസ്ഥാന സാക്ഷരതാമിഷൻ അസി.ഡയറക്ടർ ഡോ.ജെ.വിജയമ്മ, ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേററർ ആർ.രമേഷ് കുമാർ, അസി.കോ-ഓർഡിനേററർ ബി.സജീവ്, സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.കെ.റാണി വിദ്യാധരൻ, നഗരസഭ പ്രേരക്മാർ, പഠിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു
