വർക്കല മേൽ വെട്ടൂരിൽ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. പരവൂർ പോളച്ചിറ സ്വദേശി സുബി എന്ന് വിളിക്കുന്ന വികാസ് (32) ആണ് മരിച്ചത്.പരിക്കുകളോടെ രക്ഷപ്പെടുത്തിയ ഒരാളെ വർക്കല മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകുന്നേരം നലരയോടെയാണ് അപകടമുണ്ടായത്. മണ്ണിടിച്ചിൽ തടയാൻ വീടുകൾക്ക് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. 15 മീറ്ററോളം ഉയരമുള്ള മൺതിട്ട തൊഴിലാളികൾക്ക് മുകളിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ആറ് തൊഴിലാളികളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. നാല് പേർ ഓടി രക്ഷപ്പെട്ടു. വികാസിനൊപ്പം ഉണ്ടായിരുന്ന ഉണ്ണി എന്നയാളെ രക്ഷപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉണ്ണിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
ഉള്‍പ്രദേശമായതിനാല്‍ രക്ഷാപ്രവർത്തനം വൈകി. ഏറേ നേരം അപകടത്തില്‍പ്പെട്ട് വികാസ് മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നു. നാട്ടുകാരും പ്രദേശവാസികളുമെത്തിയാണ് ആദ്യം മണ്ണ് മാറ്റിയത്. പിന്നീട് വർക്കല ഫയര്‍ഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി. ഒരു മണിക്കൂറോളത്തെ ശ്രമത്തിന് ഒടുവിൽ പുറത്തെടുത്ത വികാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
