ആലപ്പുഴ: കാർഡുടമയെ കബളിപ്പിച്ച് ഭക്ഷ്യധാന്യം തട്ടിയെടുത്ത സംഭവത്തിൽ സി.ഐ.ടി.യു നേതാവായ റേഷൻ വ്യാപാരിക്കു പൊതുവിതരണവകുപ്പ് 15,782 രൂപ പിഴചുമത്തി. പിഴയായി ലഭിച്ച തുക പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥർ ഭക്ഷ്യസുരക്ഷാ അലവൻസായി കാർഡുടമയ്ക്കു കൈമാറി. കണിച്ചുകുളങ്ങര കുറുപ്പശ്ശേരി വീട്ടിൽ രാജമ്മയ്ക്കാണ് ലഭിക്കാത്ത ഭക്ഷ്യധാന്യത്തിന്റെ വിലയായി പണം കിട്ടിയത്.ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ അടിസ്ഥാനത്തിലാണ് കാർഡുടമയ്ക്ക് ഭക്ഷ്യസുരക്ഷാ അലവൻസ് നൽകിയത്. കേരള റേഷൻ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു ചേർത്തല താലൂക്ക് പ്രസിഡന്റ് ബേബിക്കുട്ടനിൽ നിന്നാണ് പൊതുവിതരണവകുപ്പ് പിഴയീടാക്കിയത്. ഇയാളുടെ ഉടമസ്ഥതയിൽ കണിച്ചുകുളങ്ങര ക്ഷേത്രത്തിനുസമീപം പ്രവർത്തിച്ചിരുന്ന 196-ാം നമ്പർ റേഷൻകടയിൽ നിന്നാണ് രാജമ്മ റേഷൻ വാങ്ങിയിരുന്നത്. മുൻഗണനാവിഭാഗം കാർഡുണ്ടായിരുന്ന രാജമ്മയ്ക്കു രോഗാവസ്ഥയും പിന്നാക്കാവസ്ഥയും പരിഗണിച്ച് രണ്ടുവർഷം മുൻപ് പൊതുവിതരണവകുപ്പ് എ.എ.വൈ കാർഡ് നൽകി.എന്നാൽ കടയുടമ ഇക്കാര്യം മറച്ചുവെച്ച് ഇവർക്കുള്ള ഭക്ഷ്യധാന്യം തട്ടിയെടുക്കുകയായിരുന്നുവെന്ന് ഫെബ്രുവരിയിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.തുടർന്ന് റേഷൻകട സസ്പെൻഡു ചെയ്ത് വിശദാന്വേഷണം നടത്തിയാണ് നൽകാതിരുന്ന ഭക്ഷ്യധാന്യത്തിനു പിഴയീടാക്കിയത്. റേഷൻകട മറ്റൊരു ലൈസൻസിയെ ഏൽപ്പിച്ചിട്ടുണ്ട്.
