കിഴുവിലം ഗ്രാമ പഞ്ചായത്ത് എക്സൈസ്- പോലീസ്- പൊതു ജന സഹായത്തോടെ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ലഹരി മുക്ത കിഴുവിലം പദ്ധതിയുടെ പ്രഥമ പഞ്ചായത്ത് തല യോഗം 02-06-2022 വ്യാഴാഴ്ച പകൽ 2.30ന് കിഴുവിലം ഗ്രാമ പഞ്ചായത്ത് ഹാളിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ആർ.മനോന്മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ സ്വാഗതം ആശംസിച്ച പ്രസ്തുത യോഗത്തിൽ എക്സൈസ് സർക്കിൾ ശ്രീ.പി.എസ്.ഷിബു , ചിറയിൻകീഴ് പോലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്, എക്സൈസ് ചിറയിൻകീഴ് റേഞ്ച് ഇൻസ്പെക്ടർ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷിബു, പഞ്ചായത്ത് മെമ്പർമാരായ കടയറ ജയചന്ദ്രൻ, ജയന്തി കൃഷ്ണ, സൈജ നാസർ,വത്സലകുമാരി, സലീന റഫീഖ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വേണുഗോപാലൻ നായർ, ഗ്രാമ പഞ്ചായത്ത് സൂപ്രണ്ട് വിനോദ് എന്നിവർ പങ്കെടുത്തു.
പഞ്ചായത്ത് തലത്തിൽ ലഹരി വിരുദ്ധ പ്രചാരണം , ബോധവൽക്കരണം, വാർഡ് തല പ്രവർത്തനങ്ങളുടെ ഏകീകരണം, ശക്തമായ പോലീസ് എക്സൈസ് എൻഫോഴ്സിങ് മേൽനോട്ടം എന്നിവയ്ക്കായി എം.എൽ.എ രക്ഷാധികാരിയായി പഞ്ചായത്ത് തലത്തിൽ പോലീസ് എക്സൈസ് അധികാരികളെയും തൃതല ജനപ്രതിനിധികൾ, വാർഡ് തല പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പഞ്ചായത്ത് തല സമിതിയ്ക്ക് രൂപം നല്കി.
വാർഡ് തലത്തിൽ പഞ്ചായത്ത് മെമ്പർ ചെയർമാൻ ആയും സന്നദ്ധ പ്രവർത്തകൻ/ പ്രവർത്തക കൺവീനർ ആയി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ , കുടുംബശ്രീ- എ.ഡി.എസ് ഭാരവാഹികൾ , അങ്കണ വാടി ജീവനക്കാർ, ആശ വർക്കർമാർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വാർഡ് തല സമിതികൾ രൂപീകരിക്കുന്നതാണ്.
ലഹരിവിരുദ്ധ പ്രചാരണം , ബോധവല്ക്കരണം എന്നിവയ്ക്ക് പുറമേ പഞ്ചായത്ത് വാർഡ് പ്രദേശങ്ങളിൽ ലഹരി ഉപയോഗ സംഘങ്ങളെ കണ്ടെത്തി നേർ വഴിയ്ക്കു നയിക്കുന്നതിനും നിയമ വിരുദ്ധ പ്രവൃത്തികൾ ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനും ഉതകുന്ന തരത്തിൽ പോലീസ് എക്സൈസ് അധികാരികളെ സഹായിക്കുകയും ചെയ്യുന്നതാണ്.
ലഹരി വില്പന നടത്തുന്ന പ്രദേശങ്ങൾ കണ്ടെത്തി പോലീസ് അവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിനും തീരുമാനിച്ചു.
നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ പരിശോധിച്ച് മുന്നോട്ടു പോയി കിഴുവിലം ഗ്രാമ പഞ്ചായത്തിനെ ലഹരി വിമുക്തമാക്കാനാകും എന്ന് യോഗം വിലയിരുത്തി .
