തിരുവനന്തപുരം : ‘സൗഹൃദ കേരളത്തിന് യുവത്വം കാവലിരിക്കുന്നു’ എന്ന പ്രമേയത്തിൽ കെ.എം.വൈ.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കേരള മൈത്രി ജാഥയെ പൊതുസമൂഹം ഏറെ പ്രതീക്ഷയോടും സന്തോഷത്തോടുമാണ് സ്വീകരിച്ചതെന്ന് ജാഥാ ക്യാപ്റ്റനും കെ എം വൈ എഫ് സംസ്ഥാന പ്രസിഡന്റുമായ ഇലവുപാലം ഷംസുദ്ധീൻ മന്നാനി പറഞ്ഞു. കേരള സാമുദായിക ചരിത്രത്തിൽ മതസൗഹാർദ്ദത്തിനുള്ള പങ്ക് വളരെ വലുതാണ്. മുസ്ലിം, ഹൈന്ദവ, ക്രൈസ്തവ ഐക്യത്തിന് ഉദാത്തമായ മാതൃക ജീവിതത്തിലൂടെ കാണിച്ചു തന്ന നമ്മുടെ പൂർവികരായിരുന്നു കുഞ്ഞായിൻ മുസ്ലിയാരും മങ്ങാട്ടച്ചനും, മഖ്ദൂം തങ്ങളും ആശാരി തങ്ങളും, മമ്പുറം തങ്ങളും കോന്തുനായരുമെല്ലാം. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാതൃക ജീവിതത്തിൽ പകർത്തി മാനവികതയുടെ സന്ദേശം ഓതുന്നവയായിരുന്നു ആ മഹാന്മാരുടെ ജീവിതം. പാടിക്കേട്ട ഈ ജീവിത മഹാകാവ്യങ്ങളും പറയാൻ മറന്ന പല സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ഈരടികൾ ഇന്ന് ജീവിക്കുന്ന സമൂഹം മറക്കുന്നുവെന്നത് ഇന്നിന്റെ നേർക്കാഴ്ചകളാണെന്നും അദ്ദേഹം പറഞ്ഞു. ഇത് തിരിച്ചറിഞ്ഞ വിവിധ മത,രാഷ്ട്രീയ, സാമൂഹ്യനേതൃത്വങ്ങളിലിരിക്കുന്ന പണ്ഡിതശ്രേഷ്ടരും നേതാക്കളും ജാഥയുടെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ജാഥയെ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായി. വ്യത്യസ്ത ആശയങ്ങളും നിലപാടുകളും ഉള്ളപ്പോൾ തന്നെ കേരളത്തിന്റെ സൗഹാർദ്ധവും സമാധാന അന്തരീക്ഷവും തിരിച്ചുപിടിക്കാനും ശക്തിപ്പെടുത്താനും അവർ ഒറ്റക്കെട്ടായി കെ.എം.വൈ.എഫിന് പിന്തുണ നൽകുകയായിരുന്നു. മുഴുവൻ കേരളീയരും മതസൗഹാർദ്ദത്തിന്റെ കാവലാളുകളാവണമെന്ന് ജാഥ ആഹ്വാനം ചെയ്തു. മതത്തിന്റെ പേരിൽ മനുഷ്യത്വം മറക്കുന്ന ഈ കാലഘട്ടത്തിൽ മതസൗഹാർദ്ദത്തിന്റെ പാരമ്പര്യവും ചരിത്രവും ചർച്ച ചെയ്യപ്പെടണമെന്നു ഓരോ പ്രാസംഗികരും കേരളത്തോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 17 ന് കൊടുങ്ങല്ലൂരിൽനിന്ന് ആരംഭിച്ച ജാഥ നാളെ തിരുവനന്തപുരം ഗാന്ധിപാർക്കിൽ സമാപിക്കും. കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദീൻ മന്നാനി,ജനറൽ സെക്രട്ടറി കാരാളി ഇ.കെ lസുലൈമാൻ ദാരിമി, പനവൂർ സഫീർഖാൻ മന്നാനി, അൽഅമീൻ റഹ്മാനി,ശാക്കിർ ഹുസൈൻ ദാരിമി എ ആർ ശാഹുൽ ഹമീദ് മുസ്ലിയാർ റാഷിദ് പേഴും മൂട് എന്നിവർ നേതൃത്വം നൽകിയ യാത്ര 8 ജില്ലകളിലായി 9 ദിവസം കൊണ്ട് 40 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് നാളെ തിരുവനന്തപുരത്ത് സമാപിക്കുന്നത്. ഇതോടൊപ്പം സഹോദര സമുദായങ്ങളിലെ 300 ലധികം നേതാക്കളുമായി സൗഹൃദ ചർച്ചകൾ നടത്തി. ഫാ.മോഹൻ ജോസഫ്, മണ്ണഞ്ചേരിയിൽ റവ:ഫാദർ കുര്യൻ ഇളംകുളം, പല്ലന കുമാരനാശാൻ സ്മാരക സമിതി പ്രസിഡന്റ് രാമപുരം ചന്ദ്രബാബു, ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രപോലിത്ത, മുൻമന്ത്രി മാത്യു ടി.തോമസ്, സ്വാമി നിർവിണാനന്ദ, ഡോ.തോമസ് മാർ കൂറിലോസ് മെത്രോപോലീത്ത, ഫാ.സെവേരിയസ് തോമസ്, ഡോ.ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി, ഓച്ചിറ സ്വാമി സുനിൽ സിത്താർ, ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സെക്രട്ടറി അഡ്വ.ഗോപിനാഥൻ, അഖില മലങ്കര അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ.ഫിലിപ്പ് തരകൻ, മേജർ മഹാദേവീ ക്ഷേത്രം വൈസ് പ്രസിഡന്റ് ജി.കൃഷ്ണകുമാർ, ദളിത് ഐക്യസമിതി സംസ്ഥാന പ്രസിഡന്റ് കെ.കെ ജിൻഷു തൊടുപുഴ, ഫാ.എൽദോസ് കൂറ്റപ്പാല, സി.എസ്.ഐ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ, തിരുവഞ്ചൂർരാധാകൃഷ്ണൻ, ഫാ.മോഹൻ ജോസഫ് തുടങ്ങിയപ്രമുഖർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.വാർത്താ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഇലവ് പാലം ഷംസുദീൻ മന്നാനി, സംസ്ഥാന വൈസ് പ്രസിഡന്റ് വൈ. സഫീർഖാൻ മന്നാനി, സംസ്ഥാന സമിതി അംഗം റാസി മാമം,സ്വാഗത സംഘം തിരുവനന്തപുരം ജില്ലാ കൺവീനർ അമാൻ മന്നാനി തുടങ്ങിയവർ പങ്കെടുത്തു..
