പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന മഴക്കാലപൂർവ്വ ശുചീകരണം സംസ്ഥാന വ്യാപകമായി ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി നാളെ ശുചീകരണ ദിനമായും. നാളെ മുതൽ ഒരാഴ്ചക്കാലം ശുചീകരണ വാരമായും ആചരിക്കും. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം തിരുവനന്തപുരത്തെ മണക്കാട് ശുചീകരണപ്രവർത്തനത്തിന്റെ ഭാഗമാകും. പ്രസിഡന്റ് എസ്. സതീഷ് എറണാക്കുളത്ത് കോതമംഗലത്തും ട്രഷറർ എസ് കെ സജീഷ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമാകും. ജോ. സെക്രട്ടറി വി.കെ സനോജ് കണ്ണൂരിലും വൈസ് പ്രസിഡൻ്റ് കെയു ജനീഷ് കുമാർ എം.എൽ.എ പത്തനംതിട്ട ജില്ലയിലെ ആങ്ങമുഴിയിലും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുക്കും.
കോവിഡ് 19 ന്റെ രണ്ടാം തരംഗം കേരളത്തിലും വ്യാപനതോത് ഉയർത്തിയിരിക്കുകയാണ്. ഫലപ്രദമായ നടപടികളിലൂടെ കേരളം പ്രതിരോധം തീർക്കുമ്പോൾ, ശ്രദ്ധിക്കേണ്ട ഒന്നാണ് മഴക്കാലപൂർവ്വ ശുചീകരണം. ഈ സാഹചര്യത്തിൽ മഴക്കാലപൂർവ്വ രോഗങ്ങൾകൂടി നമ്മെ വേട്ടയാടുന്ന സ്ഥിതി വരരുത്. നിലവിലെ മഹാമാരിക്കാലത്ത് മഴക്കാലപൂർവ്വ രോഗങ്ങൾ പൂർണമായും പ്രതിരോധിക്കാൻ നമുക്ക് സാധിക്കണം. ഇതിന്റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
മുഴുവൻ ഡി.വൈ.എഫ്.ഐ പ്രവർത്തകരും മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമാകണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അഭ്യർത്ഥിച്ചു.
