വെഞ്ഞാറമൂട് : സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയായിട്ടും മാലിന്യം നീക്കം ചെയ്യാൻ അധികൃതർ തയാറാകുന്നില്ല. വാമനപുരം ഇരുളൂർ വാർഡിൽ കുമ്പളത്തുംപാറ എൽപിഎസ് വളപ്പിലാണ് ഹരിതകർമ സേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചിരിക്കുന്നത്. സ്കൂൾ അവധിക്കാലത്ത് പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനു വേണ്ടി സ്കൂൾ അധികൃതർ അനുവാദം നൽകിയിരുന്നു.
എന്നാൽ സമയബന്ധിതമായി പ്ലാസ്റ്റിക് തരംതിരിച്ച് കൊണ്ടു പോകാൻ ബന്ധപ്പെട്ടവർ ശ്രമിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.മഴക്കാലം ആയതോടെ മാലിന്യം തരംതിരിക്കൽ നടന്നില്ല. ആശുപത്രി മാലിന്യം ഉൾപ്പെടെയാണ് കൂട്ടിയിരിക്കുന്നത്. മാലിന്യം മാറ്റണമെന്ന് ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നെന്നു സ്കൂൾ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
