പെരുമാതുറ : ലഹരി കച്ചവടം പിടികൂടാനെത്തിയ പോലീസ് സംഘത്തെ കത്തിയുമായി ആക്രമിച്ച പ്രതി പിടിയിൽ. പെരുമാതുറ സ്വദേശി OMR എന്നറിയപ്പെടുന്ന ഷെമീം ആണ് പിടിയിലായത്.
കഠിനംകുളത്ത് ഇന്നലെ രാത്രിയാണ് സംഭവം.പെരുമാതുറ കഠിനംകുളം പ്രദേശങ്ങളിൽ സ്ഥിരമായി ലഹരി വില്പന നടത്തി വന്ന പ്രതിയെ പിടിക്കാനെത്തിയ കഠിനംകുളം എസ് ഐ ഉൾപ്പടെയുള്ള സംഘത്തെ ഇയാൾ ആക്രമിക്കുകയായിരുന്നു.വീടുവളഞ്ഞ് ഷെമീമിനെ പിടികൂടുന്നതിനിടെ പോലീസിനെ മർദ്ദിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. പിടികൂടുമെന്നുറപ്പായതോടെയാണ് കത്തി വീശി വീണ്ടും പോലീസിനെ കുത്താൻ ശ്രമിച്ചത്.ഒഴിഞ്ഞു മാറിയതിനാൽ എസ്.ഐയ്ക്ക് കുത്തുകൊണ്ടില്ല
കഠിനംകുളം എസ് ഐ അനൂപ്, സി പി ഒ മാരായ അഭിലാഷ്, ഹാഷിം എന്നിവർക്ക് പരിക്കേറ്റു.തുടർന്ന് സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്.ഇയാളിൽ നിന്ന് .45 ഗ്രാം (പോയിൻ്റ് നാല് അഞ്ച് ഗ്രാം) MDMA യും പിടികൂടി.ആശുപത്രി ജീവനക്കാരെ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് OMR ഷെമീം.പോലീസിനെ ആക്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും മാരക ലഹരി വസ്തു സൂക്ഷിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി.പ്രതിയെ ആറ്റിങ്ങൽ കോതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
