സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച കേസ്: 3 പേർ അറസ്റ്റിൽ.
മദ്യം നൽകിയില്ലെന്ന പേരിൽ ബാറിലെ സുരക്ഷാ ജീവനക്കാരനെ തലയ്ക്കടിച്ചു പരുക്കേൽപിച്ച കേസിൽ ആറംഗ സംഘത്തിലെ ശേഷിച്ച 3 പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. കേസിലെ ഒന്നാം പ്രതിയുൾപ്പെടെ 3 പേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വാഴമുട്ടത്ത് കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന സംഭവത്തിൽ സുരക്ഷ ജീവനക്കാരൻ മൈതീൻ കണ്ണി(56)നാണ് തലയ്ക്കു സാരമായി പരുക്കേറ്റത്. ഇതോടനുബന്ധിച്ചു നേമം എസ്റ്റേറ്റ് റോഡ് നിവാസി അനൂപ്(25), തിരുവല്ലം മുട്ടളക്കുഴി സ്വദേശികളും സഹോദരന്മാരുമായ അംബു(26), വിമൽ(24) എന്നിവരെ അറസ്റ്റ് ചെയ്തതായി തിരുവല്ലം എസ്എച്ച്ഒ ജെ.പ്രദീപ് പറഞ്ഞു. പ്രതികൾക്കെതിരെ വധശ്രമത്തിനു കേസെടുത്തു. ഇവരെ റിമാൻഡ് ചെയ്തു.
