മാലിന്യക്കൂമ്പാരമായി മാറി വിനോദസഞ്ചാര കേന്ദ്രങ്ങള്.
നഗരസഭ പരിധിയിൽ ആലിയിറക്കം ബീച്ച് മുതൽ പാപനാശം, തിരുവമ്പാടി പിന്നിട്ട് ഇടവ പഞ്ചായത്തിലെ ഓടയം, മാന്തറ, വെറ്റക്കട തീരവും കഴിഞ്ഞു കാപ്പിൽ വരെ നീളുന്ന 10 കിലോമീറ്റർ തീരഭാഗം മാലിന്യമുക്തമായി പ്രഖ്യാപിച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യമാണെങ്ങും. പാപനാശത്തിന് തെക്ക് ഭാഗത്തെ ആലിയിറക്കം, എണിക്കൽ ബീച്ചുകളിലും മാലിന്യം പെരുകുന്നു. ബലിമണ്ഡപം ഉൾപ്പെടെ വലിയതോതിൽ സന്ദർശകർ എത്തുന്ന പാപനാശത്ത് ശുചീകരണ തൊഴിലാളികൾ ഉള്ളതിനാൽ നിത്യേന ശുചീകരിക്കുന്നുണ്ട്.പാപനാശം തീരത്ത് ഹൃദയഭാഗത്ത് എത്തിച്ചേരുന്ന തോട്ടിൽ റിസോർട്ടുകളിലെയും റസ്റ്ററന്റുകളിലെയും മാലിന്യം കലരുന്നു. ഹെലിപ്പാഡ് സ്ഥിതിചെയ്യുന്ന ക്ലിഫ് ഉൾപ്പെടെ സ്ഥലങ്ങളിൽ ദ്രവമാലിന്യ സംസ്കരണം പ്രതിസന്ധിയാണ്.
ക്ലിഫിനരികിലെ കെട്ടിടങ്ങളിൽ നിന്നു ടാങ്കുകളിൽ സംഭരിച്ച ദ്രവമാലിന്യം രാത്രിയിൽ മോട്ടർ ഉപയോഗിച്ചു കുന്നിൽ നിന്നു തീരത്തേക്ക് രഹസ്യമായി ഒഴുക്കുന്നത് പതിവാണെന്നു പരിസരവാസികൾ പറയുന്നു.ഇടവ പഞ്ചായത്ത് പരിധിയിൽ വിനോദസഞ്ചാരകേന്ദ്രങ്ങളായി വളർന്നുവരുന്ന ഓടയം, മാന്തറ, വെറ്റക്കട, കാപ്പിൽ ബീച്ച് എന്നിവയും പ്ലാസ്റ്റിക് മാലിന്യമുക്തമല്ല. മാന്തറ – വെറ്റക്കട തീരഭാഗത്തു ക്ലിഫിനു മുകളിൽ നിന്നു തീരത്തേക്ക് വർഷങ്ങളായി എല്ലാത്തരം മാലിന്യവും തള്ളുന്ന സ്ഥലം അതേപടി തുടരുന്നു. കാപ്പിൽ പാലത്തിൽ വാഹനം നിർത്തി ഭക്ഷണപ്പൊതികളും മറ്റും കായലിലേക്കു വലിച്ചെറിയുന്നതും തുടരുന്നു. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചുള്ള പ്ലാസ്റ്റിക് ശേഖരണം ഫലപ്രദമല്ലാതായി. ക്യാമറകൾ എല്ലായിടത്തും ഇല്ലാത്തതിനാൽ നിയമലംഘകരെ കണ്ടെത്താനും തടസ്സമുണ്ട്.
