നെടുമങ്ങാട് : നെടുമങ്ങാട് ചന്തയിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ മൂന്ന് പ്രതികൾകൂടി അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതി നെടുമങ്ങാട് പുളിഞ്ചി സ്വദേശി ജാഫർ(38), നാലാം പ്രതി വാളിക്കോട് പള്ളിവിളാകത്തു മുഹമ്മദ് ഫാറൂഖ്(44), അഞ്ചാം പ്രതി കാട്ടാക്കട കണ്ണൻ എന്ന മഹേഷ്(48) എന്നിവരെയാണു നെടുമങ്ങാട് സിഐ രാജേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതി അഴിക്കോട് ഗവ. യുപി സ്കൂളിനു സമീപം താമസിക്കുന്ന നിസാർ(44), മൂന്നാം പ്രതി നെടുമങ്ങാട് പേരുമല സ്വദേശി ഷമീർ(36) എന്നിവർ നേരത്തെ പിടിയിലായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി 7.45-മണിയോടെയാണു അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിറിനെ(26) നെടുമങ്ങാട് മാർക്കറ്റിനുള്ളിൽവെച്ചു സംഘംചേർന്ന് ഇറച്ചിവെട്ടുന്ന കത്തികൊണ്ട് കുത്തിക്കൊന്നത്.
പ്രതികളും ഹാഷിറും ടൗണിലെ ബാറിൽ മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും അവിടെവെച്ചു പരസ്പരം അടിപിടി നടത്തുകയും ചെയ്തിരുന്നു. തുടർന്നു നെടുമങ്ങാട് മാർക്കറ്റിനുള്ളിൽ എത്തിയ ഇവർ ഹാഷിറിനെ കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു.
കഴുത്തിലും, തുടയിലും തലയിലുമായി ആഴത്തിലുള്ള ഒൻപതു മുറിവുകളുണ്ടായിരുന്നു. ഹാഷിർ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. സംഭവശേഷം ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടയിലാണു രണ്ട് പ്രതികൾ പിടിയിലായത്. ഞായറാഴ്ച പിടിയിലായ മൂന്നു പ്രതികളും സംഭവശേഷം ഒളിവിൽ പോയവരായിരുന്നു.
ഇവർക്കായി പോലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനിടയിലാണ് ഇവർ വയനാട് വൈത്തിരി കാവുമന്തം എന്ന സ്ഥലത്തു മഹേഷിന്റെ ഒരു സുഹൃത്തു അലക്സാണ്ടർ എന്നയാളുടെ വീട്ടിൽ താമസിക്കുന്നുണ്ടെന്നു വിവരം ലഭിച്ചത്. തുടർന്ന് നെടുമങ്ങാട് എസ്എച്ച്ഒ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിടെയെത്തിയാണ് പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
