കുളിമുറിയുടെ സെപ്റ്റിക് ടാങ്കിനുള്ളിൽ അബദ്ധത്തിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അതി സാഹസികമായി രക്ഷപ്പെടുത്തി. വെട്ടൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ചിറ്റിലക്കാട് അക്കരവിള പുത്തൻ വീട്ടിൽ സജീന (42)യ്ക്കാണ് അപകടമുണ്ടായത്.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
ശൗചാലയത്തിന് സമീപം നിൽക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബിൽ ചവിട്ടിയപ്പോൾ സ്ലാബ് ഇളകി താഴേക്ക് പതിക്കുകയായിരുന്നു. സ്ലാബിനൊപ്പം സജീനയും ഏകദേശം 12 മുതൽ 15 അടി വരെ താഴ്ചയുള്ള കുഴിയിലേക്ക് വീണു. കുഴിക്കുള്ളിലേക്ക് മണ്ണും മാലിന്യങ്ങളും ഇടിഞ്ഞുവീണതോടെ സ്ഥിതി അതീവ ഗുരുതരമായി.
വിവരം ലഭിച്ച വർക്കല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സംഘം രാവിലെ 10.30ഓടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിലും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കുഴിയിലേക്ക് ഇറങ്ങി സജീനയെ സുരക്ഷിതമായി പുറത്തെടുത്ത് കരയിലെത്തിക്കുകയായിരുന്നു.
രക്ഷപ്പെടുത്തിയ സജീനയെ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനും കൈയ്ക്കും പൊട്ടലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
