കഠിനംകുളം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ച കഠിനംകുളം പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. കഠിനംകുളം പഞ്ചായത്ത് ഹാളിൽ നടന്ന ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തിരുമാനം കൈകൊണ്ടത്.
പഴം, പച്ചക്കറി, പാൽമറ്റ് അത്യാവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രം പ്രവർത്തിക്കാം. മെഡിക്കൽ സ്റ്റോറുകൾ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കും.
പഞ്ചായത്ത് പരിധി പ്രദേശങ്ങളിൽ പ്രവേശിക്കുന്ന പ്രധാന റോഡുകളും ഇടറോഡുകളും അടച്ചിടും.
വ്യക്തമായ കാരണങ്ങൾ കൂടാതെ ആർക്കും തന്നെ പുറത്തിറങ്ങാൻ പാടില്ല. ഇത് ലംഘിക്കുന്നവർക്കെതിരെ പോലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടാകും.
രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നിലവിൽ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന രണ്ട് ഡൊമിസിയൽ കെയർ സെന്ററിന് പുറമെ മറ്റൊരു സെന്റർ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കും.
