ചിറയിൻകീഴ് : അഴൂർ പെരുങ്ങുഴിയിൽ അക്രമി സംഘങ്ങൾ 30,000ത്തോളം രൂപയുടെ ചകിരിക്കെട്ടുകൾ തീയിട്ടു നശിപ്പിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ നാട്ടുകാർ. ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ പേരിൽ രണ്ടുദിവസം മുൻപു വൈകിട്ടു പെരുങ്ങുഴി നാലുമുക്ക്-ഇടഞ്ഞുംമൂല റോഡിൽ മണൽകയറ്റിയ ടിപ്പർലോറി വഴിയിൽ തടഞ്ഞു ഡ്രൈവറെ മർദിക്കുകയും ലോറി അടിച്ചുതകർക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെ ശനിയാഴ്ച രാത്രിയിൽ അക്രമിസംഘം ആറോളം വീടുകൾക്കുനേരെ സംഘടിതമായ അക്രമം അഴിച്ചുവിട്ടു. തിരുവനന്തപുരം റൂറൽ എസ്പി ഓഫിസിലെ ജൂനിയർ സൂപ്രണ്ട് പെരുങ്ങുഴി മണക്കാട് വീട്ടിൽ സരസിജത്തിൽ സുരേഷ്ബാബുവിന്റെ വീടിനുനേർക്കും രാത്രി ഒന്നരമണിയോടെ ആക്രമണമുണ്ടായി. വീടിന്റെ മുന്നിൽ പാർക്കു ചെയ്തിരുന്ന കാർ അടിച്ചുതകർക്കുകയും സമീത്തുണ്ടായിരുന്ന ഇരുചക്ര വാഹനം നശിപ്പിക്കുകയും ചെയ്തു, ഒരുലക്ഷത്തിലധികം രൂപ നാശനഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. അക്രമികൾ മണിക്കൂറുകളോളം സ്ഥലത്തു തമ്പടിച്ചാണു സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.
തുടർന്ന് സംഘം;പെരുങ്ങുഴി മണ്ണീർവിളാകം ക്ഷേത്രത്തിനു സമീപം എസ്.ആർ.ഭവനിൽ ലതികയുടെ വീടിനു മുൻവശം കയർ നിർമാണത്തിനായി സൂക്ഷിച്ചിരുന്ന 30,000ത്തോളം രൂപയുടെ ചകിരിക്കെട്ടുകൾ തീയിട്ടു നശിപ്പിക്കുകയും ചെയ്തു. ക്ഷേത്രത്തോടു ചേർന്നുള്ള പൊതുകുടിവെള്ളടാപ്പും തകർത്തു. മണ്ണീർവിളാകം, മഞ്ഞത്തോപ്പിൽ, ആടിച്ചിവിളാകം പരിസരം കേന്ദ്രീകരിച്ചു ആറോളം വീടുകൾക്കുനേരെ മദ്യക്കുപ്പികളും ട്യൂബ്ലൈറ്റുകളും വലിച്ചെറിയുകയും പുറത്തു സൂക്ഷിച്ചിരുന്ന സാധനങ്ങളും അലങ്കാരച്ചെടികളും നശിപ്പിക്കുകയും ചെയ്തു.
