ഇന്ന് രാവിലെ 08.00 മണിയോടു കൂടി ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിലേയ്ക്ക് ഗേറ്റിൽ കുടുങ്ങി അവശനിലയിലായ നായയെ രക്ഷപ്പെടുത്തണം എന്നാവശ്യപ്പെട്ട് കടയ്ക്കാവൂരിൽ നിന്ന് ഫോൺ സന്ദേശം എത്തി. കടയ്ക്കാവൂർ വാർഡ് പത്തിൽ ചെക്കാലവിളാകാം അയ്യപ്പൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ മതിൽ ഗ്രില്ലിൽ നായ കുടുങ്ങിക്കിടക്കുകയാരുന്നു. ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിലെ അസ്സി. സ്റ്റേഷൻ ഓഫീസർ ജി. മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങളായ ഷൈൻ ജോൺ, വിദ്യാരാജ്, സജി. എസ്. നായർ എന്നിവർ ഗ്രില്ലിൽ കുടുങ്ങിയ നായയെ രക്ഷിക്കുകയും മടങ്ങും വഴി 200 മീറ്റർ മുന്നിലായി റെയിൽവേ ഓവർബ്രിഡ്ജിനു സമീപം ഒരു മരത്തിന്റെ ശിഖരം ഒടിഞ്ഞ് സർവ്വീസ് വയറിൽ കുടുങ്ങി ഗതാഗതം ഭാഗികമായി തടസപ്പെട്ടു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. മരക്കൊമ്പ് മാറ്റവേ പൊട്ടിയ സർവ്വീസ് വയറിൽ നിന്നും വൈദ്യുതി പ്രവഹിക്കുന്നതായി ശ്രദ്ധയിൽപെട്ട സേനാംഗങ്ങൾ കൂടെയുണ്ടായിരുന്ന രണ്ടു സേനാംഗങ്ങളെ സംഭവസ്ഥലത്തു നിർത്തുകയും ബാക്കിയുള്ളവർ വാഹനവുമായി കെ.എസ്.സി.ബി. ഓഫീസിൽ എത്തി അധികൃതരെ വിവരം ധരിപ്പിക്കുകയും ചെയ്തു. കെ.എസ്.സി.ബി ഉദ്യോഗസ്ഥരുമായി മടങ്ങി എത്തിയ സേന അപകടാവസ്ഥ ഒഴിവാക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
