അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ദിവ്യാഗണേഷിനെയും ഭർത്താവിനെയും കൊവിഡ് വോളന്റിയർ അജയകുമാറിനെയും ഒരു സംഘം ആക്രമിച്ചതായ് പരാതി. വർക്കല സ്വദേശികളായ രണ്ടുപേർ പഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള ബന്ധുവീട്ടിൽ കൊവിഡ് ബാധിച്ചു താമസിക്കുന്നതായി അറിയിച്ചതിനെ തുടർന്ന് ആ വീട്ടിൽ താമസിക്കുന്നവർ മാറി താമസിക്കണമെന്ന് അറിയിക്കാനായാണ് വാർഡ് മെമ്പറും കൊവിഡ് വോളിന്റിയർമാരും എത്തിയത്. എന്നാൽ ഇവർ മാറി താമസിക്കാൻ തയാറായില്ല. തുടർന്നാണ് വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് അജയകുമാറിനെയും ഗണേഷിനെയും മർദ്ദിച്ചത് , ഇത് തടയാൻ എത്തിയ വാർഡ് മെമ്പർ ദിവ്യാഗണേഷിനെയും മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും അസഭ്യം പറയുകയും ചെയ്തു. ദൃശ്യങ്ങൾ സാമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി മെമ്പർ ദിവ്യാഗണേഷ് വർക്കല ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ അടുത്ത ദിവസം രാത്രി പ്രതികൾ വീണ്ടും മെമ്പറുടെ വീട്ടിലെത്തി അസഭ്യം പറയുകയും ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പറയപ്പെടുന്നു .തന്റെ കുടുംബത്തിന് നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തണമെന്നും മെമ്പർ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു


