പെരുമാതുറ: തകർന്നുപോയ വീട്ടിൽ മൂന്ന് പെൺകുട്ടികളുമായി ദുരിതജീവിതം നയിക്കുകയായിരുന്ന നിർധന കുടുംബത്തിന് കൈത്താങ്ങായി വാർഡ് മെംബറുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപമെടുത്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ഒറ്റപ്പന തീരദേശത്ത് താമസിക്കുന്ന ഷാജി- റഹീന ദമ്പതികളുടെ വീടാണ് കാറ്റിലും മഴയിലും തകർന്ന് ഒരു വർഷം മുമ്പ് താമസയോഗ്യമല്ലാതായത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ പെൺകുട്ടികളുമായുള്ള ജീവിതം സുരക്ഷിതമല്ലാതായതോടെ സമീപവാസികളുടെ വീടുകളിലാണ് കുടുംബം കഴിഞ്ഞുവരുന്നത്. സർക്കാറിന്റെ ഭവന നിർമാണ പദ്ധതികളിൽ പരിഗണിക്കപ്പെടാൻ വേണ്ട ഭൂ വിസ്തീർണം ഇല്ലാത്തതിനാൽ ഈ വഴിക്ക് നൽകിയ അപേക്ഷകളൊന്നും പരിഗണിക്കപ്പെടാതെപോയി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇവരുടെ നിസ്സഹായാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വാർഡ് മെംബർ അൻസിൽ അൻസാരി വീട് നിർമാണത്തിന് ജനകീയ കമ്മിറ്റി രൂപീകരിച്ചത്. അൻസിൽ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുക കൂടിയായിരുന്നു. സുമനസ്സുകളിൽനിന്ന് നിർമാണ സാമഗ്രികളായും പണമായും കിട്ടിയ ആദ്യ ഘട്ട സഹായം ഉപയോഗിച്ച് കഴിഞ്ഞ ദിവസം വീടുപണി ആരംഭിച്ചു. വാർഡ് മെംബർ അൻസിൽ അൻസാരിയും ജനകീയ കമ്മിറ്റി ഭാരവാഹി ഫസിൽ ഇസ്മായിലും ചേർന്ന് തറക്കല്ലിടൽ കർമം നിർവഹിച്ചു. കുഴൽക്കിണർ നിർമാണവും അടിസ്ഥാനം കുഴിച്ച് കോൺക്രീറ്റും പൂർത്തിയാക്കി. ജനകീയ കമ്മിറ്റി ചെയർമാൻ നൗഫൽ ബഷീർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗം ശാർക്കര മോനി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എ. സുനിൽ, ഡി.വൈ.എഫ്.ഐ ശാർക്കര മേഖല സെക്രട്ടറി സജിത്ത് ഉമ്മർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അർഷിദ് അമീർ, മനുമോൻ, മാധ്യമ പ്രവർത്തകൻ നൗഷാദ് പെരുമാതുറ, വിവിധ രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക സംഘടന പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
