ആറ്റിങ്ങൽ: നഗരസഭാ സാക്ഷരതാ മിഷന്റെ പത്താം തരം പരീക്ഷയെഴുതാൻ എത്തിയ പഠിതാക്കളെ നേരിട്ട് കണ്ട് വിജയാശംസ അറിയിക്കാൻ എത്തിയതായിരുന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗവും, നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയും. ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി പഠിതാക്കളെ പൊന്നാട ചാർത്തി ആദരിച്ച് മധുരം പങ്കിട്ട ശേഷമാണ് ഇവർ മടങ്ങിയത്.

ഇതിൽ ട്രാൻസ് ജെൻഡർ വിഭാഗം പഠിതാവായ നാവായിക്കുളം സ്വദേശി ഷിജു (26) എഴാം തരം തുല്യത പഠനം പാസ്സായി ഇപ്പോൾ പത്താം തരം പരീക്ഷ എഴുതിയിരിക്കുകയാണ്. അധ്യാപകരുടെ പൂർണമായ സഹകരണമാണ് പഠനം പത്താം തരം വരെ എത്തിക്കാൻ സാധിച്ചതെന്ന് ഷിജു പറയുന്നു.
പ്രാരാബ്ദങ്ങൾ ചുമതലയായി മാറിയപ്പോൾ വിദ്യാഭ്യാസം അടിയറവ് വെയ്ക്കേണ്ടി വന്ന പഠിതാവാണ് പച്ചംകുളം സ്വദേശി 38 കാരനായ എ.അജി. നിലവിൽ ഇയാൾ ആറ്റിങ്ങൽ നഗരസഭ ശുചീകരണ വിഭാഗം താൽക്കാലിക ജീവനക്കാരനാണ്. തനിക്കു കഴിയും വിധം കുടുംബത്തിലെ ചുമതല ഒരോന്നായി നിറവേറ്റി കഴിഞ്ഞപ്പോൾ വിദ്യാലയ കാലഘട്ടം അന്യമായ ചെറുപ്പക്കാരൻ. നഗര ശുചീകരണ തൊഴിലാളിയുടെ ചുരുങ്ങിയ വേദനത്തിൽ നിന്നുകൊണ്ട് മക്കളുടെ പഠനവും ഗൃഹനാഥന്റെ കടമയും നിറവേറ്റിയ അജിക്ക് എന്നോ മുറിഞ്ഞ് പോയ വിദ്യാഭ്യാസം സാക്ഷാത്കരിക്കാൻ 33 കാരിയായ ഭാര്യ ആർ.എസ്.സൗമ്യയും കൂട്ടു ചേർന്നു. ഇന്ന് ഈ ദമ്പതികൾ പത്താം തരം പരീക്ഷാഫലം കാത്തിരിക്കുന്ന പഠിതാക്കളാണ്.
സ്ത്രീ ദുർബലയല്ല എന്ന ബോധ്യത്തോടെ ജീവിത വഴികളിലേക്ക് ഓട്ടോ ഓടിച്ച് കയറിയ തന്റേടി, അതെ കുറക്കട സ്വദേശി 37 കാരി വൈ.സരിത. വെല്ലുവിളി നിറഞ്ഞ ജീവിതത്തിൽ കഴിഞ്ഞ 7 വർഷമായി ഓട്ടോ റിക്ഷ തൊഴിലാളിയുടെ കുപ്പായമണിഞ്ഞ് അന്നത്തിന് വക കണ്ടെത്തുന്ന സരിത ഇന്ന് പത്താം തരം തുല്യതാ പഠിതാവാണ്.
ദരിദ്രന് അന്നം കൊടുത്തവൻ അനാഥന് ആശ്രയമായവൻ, പട്ടിണിയിൽ മുണ്ടു മുറുക്കിയുടുത്ത് ആതുര സേവന രംഗത്തിലൂടെ പിൽക്കാലത്ത് നാടിന്റെ മണി മുത്തായി മാറിയ അജിൽ കുമാർ. കലാഭവൻമണി സേവാ സമിതി എന്ന പ്രസ്ഥാനത്തിലൂടെ നിരവധി പേർക്ക് തണലായി മാറിയ ഇദ്ദേഹത്തെ ഡോ.അബേദ്കർ പുരസ്കാരം, വയലാർ പുരസ്കാരം എന്നിങ്ങനെ തന്റെ പ്രവർത്തന മണ്ഡലത്തിൽ നിരവധി അംഗീകാരങ്ങൾ തേടിയെത്തി. പൊതുപ്രവർത്തനം കൊണ്ട് സമ്പന്നമ്മായ അജിൽ കുമാർ അറിവ് തേടിയുള്ള യാത്രയിൽ പത്താം തരം തുല്യതാ പഠിതാവാണ്.
ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, പ്രിൻസിപ്പൽ ആർ.എസ്.ലത, ഷീജാകുമാരി, ഹെഡ്മാസ്റ്റർ എ.ഷാജി, മിഷൻ ജില്ലാ കോഡിനേറ്റർ രമേഷ് കുമാർ, അസി.കോഡിനേറ്റർ സജീവ്, നോഡൽ പ്രേരക് മിനിരേഖ, സെന്റെർ കോഡിനേറ്റർ പ്രേരക് ബിന്ധു, അധ്യാപകരായ മനോജ്, സുജ, പുഷ്പ തുടങ്ങിയവർ പങ്കെടുത്തു.


