നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഫാനുകൾ കേടായതിനാൽ കിടപ്പുരോഗികൾക്ക് കാറ്റുകൊള്ളണമെങ്കിൽ ഫാൻ വീട്ടിൽനിന്നു കൊണ്ടുവരേണ്ട അവസ്ഥയിൽ. ആശുപത്രിയിലെ സർജറി വാർഡിലെത്തുന്ന രോഗികൾക്കാണ് ഈ ദുരിതം. ഇവിടെ 12 ഫാനുകൾ ഉണ്ടെങ്കിലും പകുതിയിലധികവും പ്രവർത്തിക്കുന്നില്ല.
സർജറി വാർഡിൽ എത്തുന്ന രോഗികൾ കാറ്റ് കൊള്ളണമെങ്കിൽ വീട്ടിൽ നിന്നും കൊണ്ടു വെന്ന ഫാൻ പ്രവർത്തിപ്പിക്കണമെങ്കിൽ ദിവസവും 50 രൂപ നൽകണം.
വീട്ടിൽനിന്നു കൊണ്ടുവന്ന ടേബിൾ ഫാൻ ഉപയോഗിച്ചതിന് വെള്ളനാട് പ്രീജാവിലാസത്തിൽ പ്രദീപി(39)ൽ നിന്നാണ് രസീതു നൽകി 50 രൂപ ഈടാക്കിയത്. ഒൻപത് ദിവസമായി അപകടത്തിൽപ്പെട്ട് ചികിത്സയിലാണ് പ്രദീപ്. ബൈക്ക് അപകടത്തെത്തുടർന്ന് നട്ടെല്ലിന് പൊട്ടലുണ്ട്. മെഡിക്കൽ കോളേജിൽനിന്നാണ് തുടർചികിത്സയ്ക്കായി എട്ടുദിവസങ്ങൾക്ക് മുൻപ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
ശരീരം മുഴുവൻ തളർന്ന അവസ്ഥയിൽ കിടപ്പായ പ്രദീപ് കടുത്ത ചൂട് സഹിക്കാനാകാത്തതിനാൽ ആശുപത്രിയിലെ തകരാറിലായ ഫാൻ നന്നാക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണ് വേണമെങ്കിൽ വീട്ടിൽനിന്ന് ഫാൻ കൊണ്ടുവരാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതെന്ന് പ്രദീപ് പറയുന്നു.
തുടർന്ന് വീട്ടിൽനിന്ന് ഫാൻ കൊണ്ടുവന്നപ്പോൾ ദിവസേന വൈദ്യുതിച്ചാർജ് ഇനത്തിൽ 50 രൂപവെച്ച് ആശുപത്രിയിൽ അടയ്ക്കാൻ അധികൃതർ അറിയിച്ചു. തുടർന്ന് സൂപ്രണ്ടിന് അപേക്ഷ നൽകിയെങ്കിലും 100 രൂപ വൈദ്യുതിച്ചാർജ് ഇടാക്കി ബില്ല് നൽകി.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സാധാരണ പുറത്തുനിന്ന് കൊണ്ടുവരുന്ന വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് കമ്മിറ്റി(എച്ച്.ഡി.സി.) പണം ഈടാക്കാറുണ്ടെന്നും ആശുപത്രി സൂപ്രണ്ട് നിതാ എസ്.നായർ പറഞ്ഞു. ഫാനുകൾ പ്രവർത്തിക്കാത്തതിനെക്കുറിച്ച് ജില്ലാപ്പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
