തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഉള്ളൂരിലെ വീടിനു നേരെ രാത്രിയിൽ ആക്രമണം. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. വാതിലുകൾ തുറക്കാനും ശ്രമം നടന്നു. മോഷണ ശ്രമമെന്ന പ്രാഥമിക നിഗമനത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. ഭവനഭേദനത്തിനും നാശനഷ്ടമുണ്ടാക്കിയതിനുമാണ് കേസ്. അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചു. കഴക്കൂട്ടം സൈബർസെൽ അസിസ്റ്റന്റ് കമ്മിഷണർ സി.എസ്.ഹരിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് സിഐ ഹരിലാൽ, ശ്രീകാര്യം സിഐ എ.ആർ.ബിജു തുടങ്ങിയവരാണ് സംഘത്തിലുള്ളത്.കേന്ദ്രമന്ത്രിയുടെ വീടിന്റെ സുരക്ഷയും ശക്തമാക്കി.സ്ഥലത്ത് ഫൊറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഉള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപമാണ് വി.മുരളീധരന്റെ വാടക വീട്. തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിൽ ഓഫിസുമുണ്ട്. ഇവിടെ പകൽ മുഴുവൻ ജീവനക്കാരുള്ളതാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം. മുൻവശത്തെ ഒരു ജനലിന്റെ ചില്ലുകൾ തകർത്തു. ഇതിനു സമീപത്ത് നിന്നായി ഒരു പാറക്കല്ലും കണ്ടെടുത്തു. മുറ്റത്തും വീടിനു ചുറ്റും ചോരത്തുള്ളികൾ കണ്ടെത്തി.ജനൽ ചില്ല് ഇടിച്ചു പൊട്ടിക്കുന്നതിനിടയിൽ അക്രമിക്കു പരുക്കേറ്റതാണെന്നാണ് പൊലീസ് നിഗമനം. അക്രമി പുറത്തെ പടികളിലൂടെ മുകൾ നിലയിലേക്കും കയറി നോക്കിയതായി വ്യക്തമായി. ഇവിടെയെല്ലാം രക്തത്തുള്ളികൾ കിടപ്പുണ്ട്. അക്രമം നടന്ന വീട്ടിൽ സിസിടിവി സ്ഥാപിച്ചിട്ടില്ല. സമീപത്തെ വീടുകളിലെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. വീടിനു മുന്നിലെ ബിജെപി പതാക അടക്കമുള്ളവയ്ക്ക് നാശനഷ്ടമുണ്ടാക്കിയിട്ടില്ല.
