വിഴിഞ്ഞം: തുറമുഖ നിർമാണ മേഖലയോട് ചേർന്നുള്ള വലിയ കടപ്പുറത്ത് മത്സ്യബന്ധന വള്ളങ്ങൾ കത്തിനശിച്ചു. ഉപയോഗം കഴിഞ്ഞതും അറ്റകുറ്റപ്പണിക്ക് കരയിൽ കയറ്റിവെച്ചതുമായ 25ഓളം വള്ളങ്ങളും പത്തോളം കട്ടമരങ്ങളുമാണ് കത്തിനശിച്ചതെന്ന് വിഴിഞ്ഞം ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം.വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണസ്ഥലത്തെ പുലിമുട്ടിന് സമീപത്തെ കുറ്റിക്കാടിനാണ് ആദ്യം തീപിടിച്ചത്. തുറമുഖ ജീവനക്കാർ തീ നിയന്ത്രിക്കാൻ ശ്രമിച്ചു. പിന്നീട് വിഴിഞ്ഞത്തുനിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂനിറ്റ് എത്തി രണ്ടരമണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. സമീപത്ത് ഇരുന്നൂറോളം പുതിയ വള്ളങ്ങൾ തീ പടരാതെ സംരക്ഷിച്ചു.
