വെഞ്ഞാറമൂട്∙ നാട്ടുകാർ പ്രതിഷേധിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇടപെട്ടു ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്പിച്ചു. കഴിഞ്ഞ ആഴ്ച ഉണ്ടായ ശക്തമായ മഴയിൽ പുല്ലമ്പാറ പഞ്ചായത്തിലെ മാമൂട് ജംക്ഷനു സമീപം ഒരു വീട് പൂർണമായും തകരുകയും നിരവധി വീടുകൾക്ക് കേടു സംഭവിക്കുകയും ചെയ്തിരുന്നു. സമീപത്തെ ക്വാറിയുടെ പ്രവർത്തനം പ്രദേശത്ത് പ്രകൃതി ദുരന്തത്തിനു കാരണമായെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധ സമരത്തിലായിരുന്നു. ഇന്നലെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘം ക്വാറിയിൽ എത്തി സംസാരിക്കുകയും പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു.
നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ ക്വാറിയുടെ പ്രവർത്തനം ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് നിർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് പുല്ലമ്പാറ പഞ്ചായത്ത് ഓഫിസിൽ എത്തി ഉപരോധ സമരം നടത്തി. നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറി ക്വാറി അധികൃതർക്ക് നിർദേശം നൽകി.
