കടയ്ക്കാവൂർ : തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ പരിശുദ്ധാരൂപയുടെ നാമധേയത്തിലുള്ള ഏക ദേവാലയമായ മാമ്പള്ളി പരിശുദ്ധാരൂപീ ദേവാലയത്തിൽ ഇടവക മധ്യസ്ഥ തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായി. മെയ് മാസം 10 മുതൽ 19 വരെയാണ് തിരുനാൾ മഹോത്സവം. വ്യക്തമായ കാഴ്ചപ്പാടോടും പദ്ധതികളോടും കൂടിയാണ് കഴിഞ്ഞവർഷത്തെ പോലെ ഇത്തവണയും വ്യത്യസ്തമായ തിരുനാളിന് മാമ്പള്ളി ഇടവക ഒരുങ്ങുന്നത്. ‘അപരന് വേണ്ടി’ ‘സ്നേഹ സ്പർശം’ ‘ഉയരെ പറക്കൽ’ ‘വിവാഹ ധനസഹായം’ എന്നീ കാരുണ്യ പ്രവർത്തികൾ തിരുന്നാളിന് അർത്ഥവത്താക്കുന്നു. മെയ് 10 വെള്ളിയാഴ്ച ഇടവക വികാരി റവ. ഫാദർ ജസ്റ്റിൻ ജുഡിൻ്റെ കാർമികത്വത്തിൽ കൊടിയേറി മെയ് 18ന് ഭക്തിനിർഭരമായ ദിവ്യകാരുണ്യപ്രദക്ഷിണവും മെയ് 19ന് തിരുവനന്തപുരo ലത്തീൻ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ഉള്ള പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടി തിരുനാൾ പരിസമാപിക്കുന്നു. തിരുനാൾ ദിനങ്ങളിൽ ഇടവകയുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും തിരുനാൾ ദിവസം കൊച്ചിൻ മരിയ അവതരിപ്പിക്കുന്ന ബൈബിൾ ഡ്രാമസ്കോപ്പിക് നാടകം “വിശുദ്ധ പത്രോസ്” ഉണ്ടായിരിക്കുന്നതാണ്.
