തിരുവനന്തപുരം : മണിക്കൂറുകൾക്കിടയിൽ മൂന്ന് അപകടങ്ങളാണ് മുതലപ്പൊഴിയിൽ കഴിഞ്ഞ ദിവസമുണ്ടായത്. അപകടങ്ങളിൽ 24 തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ലക്ഷങ്ങളുടെ നാശനഷ്ടവും ഉണ്ടായി. ഞായറാഴ്ച രാത്രി എട്ട് മണിക്കും തിങ്കളാഴ്ച രാവിലെയും അപകടങ്ങളുണ്ടായി. പെരുമാതുറ സ്വദേശി ഷാക്കിർ സാലീമിൻ്റെ ഉടസ്ഥതയിലുള്ള ഹസ്ബി റബ്ബി എന്ന വലിയ വള്ളമാണ് രാവിലെ ഏഴ് മണിയോടെ മറിഞ്ഞത്. 37 തൊഴിലാളികളുമായി മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെടുകയായിരുന്നു.
തിരയെ മറിക്കടക്കവേ നിയന്ത്രണം നഷ്ടപ്പെട്ട വള്ളത്തിൽ നിന്നും വലയോടൊപ്പം 21 തൊഴിലാളികളാണ് കടലിൽ വീണത്. മറ്റ് തൊഴിലാളികൾ ഇതേ വള്ളത്തിൽ തന്നെ ഉണ്ടായിരുന്നു. വള്ളത്തിലും കല്ലുകളിലും ഇടിച്ചാണ് തൊഴിലാളികൾക്ക് പരിക്കേറ്റത്. പെരുമാതുറ – പുതുക്കുറിച്ചി സ്വദേശികളായ നഹാസ്, സഹീർ, ഹസ്സൻ, മൺസൂർ, സയ്യിദ്, ഷാക്കിർ, ഷാജി, ഷാഫി, നൗഫൽ ,റഫീഖ്, ശ്യാം, മഹേഷ്, ഫലാഹ്, സുഹൈൽ, നസീർ, നാസുദ്ദീൻ, ഷാജി, സൈനുദ്ദീൻ, നവാസ്, സഫീർ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്കാശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്. ഹസൻ, റഫീഖ് എന്നിവരെ താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റുകയായിരുന്നു’. മറ്റുള്ളവർ ചികിത്സ തേടിയ ശേഷം ഉച്ചയോടെ ആശുപത്രി വിട്ടു.
മത്സ്യത്തൊഴിലാളികളുടെയും കോസ്റ്റൽ പോലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിലാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്.മറിഞ്ഞ വള്ളം തീരത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കടൽ പ്രക്ഷുബ്ധമായത്തിനാൽ മറൈൻ എൻഫോഴ്സ്മെൻ്റിൻ്റെ സഹായത്തോടെ വള്ളം കെട്ടിവലിച്ച് വിഴിഞ്ഞതാണ് എത്തിച്ചത്. മുതലപ്പൊഴിയിൽ ഞായറാഴ്ച രാത്രിയും അപകടമുണ്ടായിരുന്നു. മത്സ്യബന്ധന വള്ളം മറിഞ്ഞ് മൂന്നു തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ ആറുമണിയോടെ മറ്റൊരു വള്ളവും അപകടത്തിൽപ്പെട്ടിരുന്നു. വള്ളത്തിലുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. ഹാർബർ സുരക്ഷിതമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും അപകടക്കെണിയായി മുതലപ്പൊഴി തുടരുകയാണ്.
