തിരുവനന്തപുരം : ദിവസങ്ങൾക്കുശേഷം പകലും രാത്രിയും ആഞ്ഞുപെയ്ത മഴയിൽ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. ഒറ്റ മഴയിൽ പതിവായി വെള്ളക്കെട്ടുണ്ടാകുന്ന വെള്ളയമ്പലം, ചാക്ക, ഗൗരീശപട്ടം പ്രദേശങ്ങളിലായിരുന്നു ഇന്നലെയും വെള്ളക്കെട്ട് കൂടുതൽ. മഴ മുന്നറിയിപ്പു നൽകിയിരുന്ന പല ജില്ലകളിലും സ്കൂളുകൾക്ക് അവധി നൽകിയിരുന്നെങ്കിൽ തിരുവനന്തപുരത്തു വലിയ മഴയുടെ മുന്നറിയിപ്പോ, അവധിയോ ഉണ്ടായിരുന്നില്ല. പുലർച്ചെ മുതൽ പെയ്ത മഴയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് രാവിലെ സ്കൂളോടു ചേർന്ന പ്രധാന ജംക്ഷനുകളിലെല്ലാമുണ്ടായി.
ശക്തമായ കാറ്റും നഗരത്തിന്റെ പല ഭാഗത്തും അനുഭവപ്പെട്ടു. ഉച്ചയ്ക്ക് അൽപനേരം മഴ ശമിച്ചെങ്കിലും വൈകിട്ടോടെ തിമിർത്തു പെയ്യുകയായിരുന്നു. സ്മാർട് റോഡുകളുടെയുൾപ്പെടെ നിർമാണം ഭാഗികമായി തടസ്സപ്പെട്ടു. റോഡുപണി നടക്കുന്നതിനാൽ നഗരത്തിലെ വാഹനയാത്രയും ദുഷ്കരമായിരുന്നു. പൂജപ്പുര, കരമന, ആറ്റുകാൽ, മണക്കാട്, കമലേശ്വരം, പേട്ട, കടകംപള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. സ്മാർട് റോഡ് നിർമാണംപുരോഗമിക്കുന്ന അട്ടകുളങ്ങര കിള്ളിപ്പാലം റോഡ് വെള്ളത്തിൽ മുങ്ങി
ചാലയിലും സമാന സ്ഥിതിയായിരുന്നു. ചാലയിലെ ഇടറോഡുകളിൽ ഓട നിർമാണം പുരോഗമിക്കുന്ന സ്ഥലങ്ങളും ചെളിക്കളമായി. കനത്ത മഴയുണ്ടായെങ്കിലുംനഗരത്തിൽ കാര്യമായ നാശനഷ്ടമുണ്ടായില്ല.
കഴക്കൂട്ടം∙ വൈകിട്ട് 5 മണിയോടെയുണ്ടായ കാറ്റിൽ മേനംകുളം ആറാട്ട് വഴി തുമ്പ റോഡിൽ മരിയൻ എൻജിനീയറിങ് കോളജിനു സമീപം നിന്ന കൂറ്റൻ വാകമരം കടപുഴകി രണ്ടു വൈദ്യുതി പോസ്റ്റ് തകർത്ത് റോഡിലേക്കു വീണു. കഴക്കൂട്ടം, ചാക്ക , ചെങ്കൽചൂള, വെഞ്ഞാറമൂട്, എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ മണിക്കൂറുകൾ എടുത്താണ് മരച്ചില്ലകൾ മുറിച്ചു മാറ്റിയത്. ഇതു വഴിയുള്ള വാഹന ഗതാഗതം 5 മണിക്കൂറോളം മുടങ്ങി . രാത്രി വൈകിയും വൈദ്യുത വിതരണം പുനഃസ്ഥാപിച്ചിട്ടില്ല.
കാറ്റിൽ കാര്യവട്ടം, പുല്ലാന്നിവിള , ശ്രീകാര്യം മേഖലയിലും മരങ്ങൾ ഒടിഞ്ഞു വീണു.
കാര്യവട്ടം – പാങ്ങപ്പാറ മേഖലയിൽ മണിക്കൂറുകളോളം. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഗതാഗതക്കുരുക്കും രൂക്ഷമായി. ഇന്നും കനത്ത മഴ തുടരാനാണ് സാധ്യത.വിളപ്പിൽ ∙ ശക്തമായ കാറ്റിലും മഴയിലും വിളപ്പിൽ കുന്നുംപുറം ശാന്തിനികേതൻ സ്കൂളിനു സമീപം സ്വകാര്യ പുരയിടത്തിലെ മരം ഒടിഞ്ഞു റോഡിലേക്കു വീണു. ഇതെത്തുടർന്ന് ചെറുതേരി – മുക്കംപാലമൂട് റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് തേക്ക് മരം ഒടിഞ്ഞു വീണത്. ഈ സമയം റോഡിൽ മറ്റു വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഡി.ഷാജിയുടെ നേതൃത്വത്തിൽ നാട്ടുകാർ മരം മുറിച്ചു മാറ്റി.
