ഇടയ്ക്കോട്.കാർഷികമേഖലയിൽ ഭക്ഷ്യ സ്വയം പര്യാപ്തത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാരിന്റെ “സുഭിക്ഷ കേരളം” പദ്ധതിയുടെ ഭാഗമായി ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കാർഷിക മേഖലയിൽ വലിയ രൂപത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് നേതൃത്വം കൊടുത്തു വരുന്നത്. വർഷങ്ങളായി കൃഷി ചെയ്യാതെ കിടന്ന ഇടയ്ക്കോട് പിരപ്പമൺകാട് ഏലായിലെ തരിശു നിലങ്ങൾ ഏറ്റെടുത്ത് അതിൽ നെൽകൃഷിയും, ചെമ്പകമംഗലത്തിനടുത്തുള്ള കര പുരയിടങ്ങളിൽ ഏത്തവാഴകൃഷി ഉൾപ്പെടെയുള്ള മറ്റ് കാർഷിക-അനുബന്ധ വിളകളും കൃഷി ചെയ്തതിലൂടെ നല്ല മെച്ചപ്പെട്ട വിളവെടുപ്പാണ് കഴിഞ്ഞ കാലങ്ങളിൽ ലഭിച്ചത്. ഇക്കൊല്ലവും അത് വളരെ ഭംഗിയായി നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്. പുതുനൂറ്റാണ്ട് പിറക്കുന്ന ഈ വർഷം ചിങ്ങം ഒന്നിന് ഗ്രാമീണകാർഷിക മേഖലയിൽ നടത്തുന്ന മികവാർന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നെൽകൃഷിയുമായി ബന്ധപ്പെട്ട് മുദാക്കൽ കൃഷിഭവൻ അവാർഡും, കരകൃഷിയുമായി ബന്ധപ്പെട്ട് മംഗലപുരം കൃഷിഭവൻ അവാർഡും ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്കിനെ തേടിയെത്തി. ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളാണ് ഇതിന് പ്രചോദനമായത്. മംഗലപുരം പഞ്ചായത്ത് കൃഷിഭവനിൽ വച്ച് നടന്ന ചടങ്ങിൽ വി ശശി.എം എൽഎ യിൽ നിന്നും, മുദാക്കൽ പഞ്ചായത്ത് കൃഷിഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് . പി.സി. ജയശ്രീയിൽ നിന്നും ബാങ്ക് പ്രസിഡന്റ് അഡ്വ.ദിലീപ്.വി.എൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി, ബാങ്ക് സെക്രട്ടറി ജെ.എസ്.ബിന്ദുമോൾ, ഡയറക്ടർ ബോർഡ് അംഗങ്ങൾ മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.



