തിരുവനന്തപുരം∙ ഗുണ്ടാനേതാവ് പന്തലക്കോട് സ്വദേശി ജോയിയെ വാഹനം തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 5 പേർ അറസ്റ്റിൽ. വട്ടപ്പാറ പന്തലക്കോട് കുറ്റിയാണി മുംതാസ് മൻസിലിൽ എ.ഷജീർ(39), വട്ടപ്പാറ കുറ്റിയാണി ലക്ഷംവീട്ടിൽ വി.എം.രാകേഷ്(36), വള്ളക്കടവ് പുതുവൽ പുത്തൻവീട്ടിൽ നന്ദുലാൽ(30), നേമം എസ്റ്റേറ്റ് വാർഡിൽ കെ.വിനോദ്(അട്ടപ്പട്ടു വിനോദ്–38), മണക്കാട് ശ്രീവരാഹം അടിയിക്കതറ പുത്തൻവീട്ടിൽ ഉണ്ണികൃഷ്ണൻ നായർ (42) എന്നിവരെയാണ് സിറ്റി ഷാഡോ സംഘത്തിന്റെ സഹായത്തോടെ ശ്രീകാര്യം പൊലീസ് പിടികൂടിയത്.

ജോയിലെ കൊലപ്പെടുത്താൻ ഷജീറാണ് ക്വട്ടേഷൻ നൽകിയെന്ന് പൊലീസ് പറഞ്ഞു. ഷജീർ, രാകേഷ്, ഉണ്ണി എന്നിവരെ കന്യാകുമാരിയിൽ നിന്നും വിനോദിനെ പൂഴിക്കുന്നിൽ നിന്നും നന്ദുലാലിനെ മുട്ടത്തറയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഷജീറിന്റെ ബന്ധുവും കേസിലെ പ്രതിയുമായ കരിമഠം സ്വദേശി അൻവർ ഒളിവിലാണ്. പ്രതികൾ ആക്രമണത്തിന് എത്തിയ കാർ ബാലരാമപുരം ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കാറിനുള്ളിൽ നിന്ന് കണ്ടെടുത്തു. കാറിലെ രക്തക്കറ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.
പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ശനിയാഴ്ച പൊലീസ് പിടികൂടിയ കുറ്റിയാണി സ്വദേശികളായ എം.ജി.അരുൺ, യു.എസ്.അരുൺ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവർക്ക് കേസിൽ ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അസി.കമ്മിഷണർ ടി.കെ.മുരളി, ശ്രീകാര്യം എസ്എച്ച്ഒ വി.കെ.ശ്രീജേഷ്, മെഡിക്കൽകോളജ് എസ്എച്ച്ഒ ബി.എം.ഷാഫി, തുമ്പ എസ്എച്ച്ഒ ആർ.ബിനു, കഴക്കൂട്ടം എസ്എച്ച്ഒ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വെട്ടുകത്തി ജോയി പ്രതിയായ പ്രധാന കേസുകൾ :
∙2006 ൽ വട്ടപ്പാറ സ്വദേശി അശോകനെ സംഘം ചേർന്ന് കൊലപ്പെടുത്തി കേസിൽ പിടിയിലായി. (പിന്നീട് സാക്ഷികൾ കൂറുമാറിയതിനെ തുടർന്നു കോടതി വെറുതെവിട്ടു)
∙2022ൽ വട്ടപ്പാറ മേലെഒഴുകുപാറ സ്വദേശി സന്തോഷിനെ ഓട്ടോറിക്ഷ തടഞ്ഞു നിർത്തി വെട്ടിക്കൊല്ലാൻ ശ്രമിച്ചു
∙2021നവംബറിൽ ചുള്ളിമാനൂർ സ്വദേശി മഹേഷിനെ ജോലിസ്ഥലത്തു വച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.
∙2008ൽ കഴുനാട് സ്വദേശി അനിൽകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ചു.
∙2023 ജനുവരി 23ന് പോത്തൻകോട് പ്ലാമൂടിനു സമീപം കുറ്റിയാണി സ്വദേശി ഷജീറിനെ വെട്ടിപരുക്കേൽപിച്ചു
∙2023 ജൂലൈ 3ന് ജോയിക്കെതിരെ കാപ്പ ചുമത്തി ജില്ലയിലെ പ്രവേശനം തടഞ്ഞ് നാടുകടത്തി
∙2024 ജൂലൈ 21ന് ഷജീറിനെ വീടുകയറി ആക്രമിച്ചു.
ശരീരത്തിൽ 23 വെട്ടുകൾ
തിരുവനന്തപുരം ∙ കൊല്ലപ്പെട്ട ഗുണ്ട ജോയിയുടെ ശരീരത്തിൽ 23 വെട്ടുകളുണ്ടായിരുന്നുവെന്നും ഇവയെല്ലാം മാരകമായിരുന്നുവെന്നും പൊലീസ്.
ജോയിയുടെ ആക്രമണത്തിന് ഇരയായവരാണ് കേസിലെ പ്രതികൾ.
കുടിപ്പകയുടെ നാൾവഴികൾ
∙2021 ഡിസംബർ: ടിപ്പർ ഡ്രൈവർമാരായിരുന്ന പന്തലക്കോട് കുറ്റിയാണി ജോളിഭവനിൽ വെട്ടുകത്തി ജോയി എന്ന ജോയി(38)യും കുറ്റിയാണി മുംതാംസ് മൻസിലിൽ എ. ഷജീറും മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കത്തെ തുടർന്നു തെറ്റി. സംഘത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരും ഷജീറിനൊപ്പം ചേർന്നു. ഒറ്റപ്പെടതോടെ ജോയിക്ക് ഷജീറിനോട് വൈരാഗ്യമായി.
∙2022.: ഫർണിച്ചർ കടയിലെ ജീവനക്കാരനെ ഞാണ്ടൂർക്കോണം പെരുമ്പാലത്തിനു സമീപത്തുവച്ച് ജോയിയും മറ്റു രണ്ടു പേരും ചേർന്ന് മർദിച്ചു. ജോയിയാണ് ആക്രമണം നടത്തിയതെന്ന് ഷജീർ പൊലീസിനെ അറിയിച്ചു. കേസിൽ കുരുക്ക് മുറുക്കാനും ഷജീർ ഇടപെട്ടു. പൊലീസിൽ നിന്നു വിവരം ഈ ജോയിക്കു ചോർന്നു കിട്ടി. ഇതോടെ മണ്ണ് കടത്തിലെ തർക്കം കടുത്ത വ്യക്തി വൈരാഗ്യത്തിലേക്ക് വഴിമാറി.
∙2023 ജനുവരി 22: രാത്രി 10.45ന് അയിരൂപ്പാറ പ്ലാമൂട് പെട്രോൾ പമ്പിനു സമീപത്തുവച്ചു ജോയിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം ഷജീറിനെ വഴിയിൽ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.
∙വട്ടപ്പാറ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയ ജോയി 2024 മാർച്ചിൽ നാട്ടിൽ തിരിച്ചെത്തി
∙ജൂലൈ 22ന് ഷജീർ, അൻവർ എന്നിവരെ കുറ്റിയാനിയിൽ വീടുകയറി ആക്രമിച്ചു
∙ഓഗസ്റ്റ് 9 രാത്രി 8.25ന് പൗഡിക്കോണത്ത് വച്ച് ജോയിയെ ഷജീറു വേണ്ടി എത്തിയ സംഘം ക്രൂരമായി വെട്ടി പരുക്കേൽപിച്ചു.
∙ഓഗസ്റ്റ് 10 പുലർച്ചെ 2ന് മെഡിക്കൽകോളജ് ആശുപത്രിയിൽ ജോയി മരിച്ചു.
ജോയിയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്ന് ഷജീർ
തിരുവനന്തപുരം∙ ‘പൊലീസിനെ അവനു പേടിയില്ല. എത്ര തവണ കേസ് കൊടുത്തു. എന്നിട്ട് എന്ത് കാര്യം. അവൻ എന്നെ കൊല്ലുമെന്ന് പേടിച്ച് ചെയ്തതാണ്. അവൻ ചാകുമെന്ന് ഞങ്ങളാരും കരുതിയില്ല’ ജോയിയെ വെട്ടികൊലപ്പെടുത്തിയ കേസിൽ പിടിയിലായ കുറ്റിയാണി സ്വദേശി ഷജീർ പൊലീസ് ജീപ്പിൽ ഇരുന്നു ഉദ്യോഗസ്ഥരോട് പറഞ്ഞു. ഷജീറിന്റെ കുറ്റസമ്മതത്തെ കുറിച്ച് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത് :
ജൂലൈ 21ന് കുറ്റിയാനിയിലെ ഷജീറിന്റെ വീട്ടിൽ ജോയി അതിക്രമിച്ചു കയറി നടത്തിയ ആക്രമണമാണ് തിരിച്ചടിക്കാൻ പ്രേരിപ്പിച്ചത്. സഹോദരിയുടെ മുൻപിലിട്ട് ജോയി തല്ലിയത് ഷജീറിന് കടുത്ത അപമാനമായി. ഒരു വെട്ടുകത്തി പണിതുവച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയാണ് ജോയ് അന്നു മടങ്ങിയത്. മുൻപ് പോത്തൻകോട് പ്ലാമൂട്ടിൽവച്ച് ജോയിയും സംഘവും ഷജീറിനെ വെട്ടിപരുക്കേൽപിച്ചിരുന്നു. ജോയിആക്രമിക്കുമെന്നു ഭയന്നാണ് ഷജീറും സംഘവും തിരികെ ആക്രമിക്കാൻ പദ്ധതിയിട്ടത്. ഒറ്റയ്ക്ക് അതിനു കഴിയില്ലെന്ന് ഉറപ്പുള്ള ഷജീർ ആദ്യം ബന്ധു അൻവറിനെ ആണ് സമീപിച്ചത്.
പിന്നീട് ജോയിയുമായി കടുത്ത വൈരാഗ്യമുള്ള തന്റെ സുഹൃത്ത് രാകേഷിനെയും ഒപ്പം കൂട്ടി. ഇവർ മൂവരും ഒത്തുചേർന്നാണ് വിനോദ്. ഉണ്ണി, നന്ദുലാൽ എന്നിവരെ വിളിച്ചു വരുത്തിയത്. തലയിലും നെഞ്ചിലും വെട്ടരുതെന്നും നേരത്തെ പറഞ്ഞ് ഉറപ്പിച്ചാണ് കാറിൽ കയറിയത്. നിസാര പരുക്കോടെ ജോയി രക്ഷപ്പെട്ടാൽ, പ്രതികാരം ചെയ്യുമെന്ന് ഇവർ ഭയന്നിരുന്നു. ജോയിയെ എഴുന്നേറ്റ് നടക്കാത്തവിധം തളർത്തുകയായിരുന്നു ഉദ്ദേശം. ആക്രമണം കഴിഞ്ഞ് പിറ്റേന്നു പൊലീസിൽ കീഴടങ്ങാനായിരുന്നു പ്ലാൻ. എന്നാൽ ജോയി കൊല്ലപ്പെട്ടെന്ന് അറിഞ്ഞതോടെ ഒളിവിൽ പോകുകയായിരുന്നു.
രാകേഷിനും ജോയിയോട് കടുത്ത പക
തിരുവനന്തപുരം∙ രാകേഷിനും ജോയിയോട് ഉണ്ടായിരുന്നതു കടുത്ത പക.
ജോയി ക്രൂരമായി ആക്രമിച്ചതാണു വൈരാഗ്യത്തിന് കാരണം. 2023 ജനുവരി 23ന് പോത്തൻകോട് വച്ചായിരുന്നു സംഭവം. ജോയിയുടെ മുട്ടിന്റെ ഭാഗത്തുവച്ച് കാലുകൾ വെട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം.
ആഴത്തിൽ വെട്ടേറ്റ് കാലുകൾ അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഇതിൽ നിന്നും രക്തം വാർന്നാണ് മരണം സംഭവിച്ചത്.
വാടകയ്ക്കെടുത്ത കാറിൽ എത്തി ജോയിയെ വെട്ടിവീഴ്ത്തിയ ശേഷം പ്രതികൾ ശ്രീകാര്യം വഴി ബൈപ്പാസിലേയ്ക്കു പോയി.
പാപ്പനംകോട് എസ്റ്റേറ്റ് ഏരിയയിൽ ഒളിവിൽ കഴിയുമ്പോഴാണ് ജോയ് മരിച്ചതായി വാർത്ത അറിഞ്ഞത്. ഇതോടെ കന്യാകുമാരിയിലേക്കു കടക്കുകയായിരുന്നു.
കൂസലില്ലാതെ പ്രതിയുടെ മൊഴി; ‘ആദ്യം വെട്ടിയത് ഞാൻ’
തിരുവനന്തപുരം∙ ‘ആദ്യ വെട്ട് ഞാനാണ് വെട്ടിയത്. രണ്ടാമത് നന്ദുലാലും വെട്ടി. കാലുകളിലും പിന്നീട് കയ്യിലും മാറിമാറി വെട്ടി വീഴ്ത്തി.’ കാപ്പ കേസ് പ്രതി ജോയിയെ വെട്ടികൊലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കാളിയായ പ്രതി ഉണ്ണിക്കൃഷ്ണൻ നായർ തെളിവെടുപ്പിനിടെ കൂസലില്ലാതെ പൊലീസിനോട് പറഞ്ഞു. രാകേഷ് ആണ് കാർ ഓടിച്ചത്. പിൻ സീറ്റിൽ ഞങ്ങൾ മൂന്നു പേര് ഉണ്ടായിരുന്നു. കാർ കൊണ്ട് കുറുകെ ഇട്ടാണ് ജോയ് വന്ന ഓട്ടോറിക്ഷ തടഞ്ഞിട്ടത്. ഞങ്ങൾ പുറത്തിറങ്ങിയതും ജോയ് സീറ്റിൽ നിന്നും എഴുന്നേറ്റതും ഒരുമിച്ചായിരുന്നു.
