വർക്കല ബീച്ച് നിരീക്ഷണക്യാമറകൾ കണ്ണടച്ചു; സുരക്ഷാ ഭീഷണി
വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ഒരുക്കിയ നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമായെന്നു പരാതി. സമൂഹ വിരുദ്ധരെയും മോഷ്ടാക്കളെയും നിരീക്ഷിക്കുന്നതിനാണ് 13 ലക്ഷത്തോളം രൂപ ചെലവഴിച്ച് ക്ലിഫിൽ നടപ്പാതയോട് ചേർന്നു ക്യാമറകൾ സ്ഥാപിച്ചത്. ബീച്ചിൽ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്ന മേഖലകളിൽ ഒന്നാണ് ഹെലിപ്പാഡ് മുതൽ തിരുവമ്പാടി ബീച്ച് വരെയുള്ള ഭാഗം വൈകിട്ടു മുതൽ ക്ലിഫിനരികിലെ റിസോർട്ടുകളിലും റസ്റ്ററന്റുകളിലും വൻ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഈ ഭാഗത്തെ സുരക്ഷ പ്രധാനമാണ്.
വിദേശ സഞ്ചാരികളെ ഉപദ്രവിക്കൽ, കുന്നിന്റെ മുകളിൽ നിന്നു കാൽതെറ്റിവീഴൽ, ക്രിമിനലുകളുടെ സാന്നിധ്യം തടയണമെങ്കിൽ ക്യാമറ നിരീക്ഷണം അനിവാര്യമാണ്. തീരത്ത് മുഴുവൻ സമയവും പൊലീസിനെ നിയോഗിക്കുന്നത് അപ്രായോഗികമായതിനാലാണ് ക്യാമറ സംവിധാനം ഏർപ്പെടുത്തിയത്. ഏതാനും ദിവസം മുൻപ് ഇടവയിലെ കാപ്പിൽ തീരത്തെത്തിയ രണ്ടു യുവാക്കളെ ഒരു സംഘം മർദിച്ചു വില കൂടിയ മൊബൈലും പണവും അടക്കം 50,000ത്തോളം രൂപയുടെ സാധനങ്ങൾ കവർന്നിരുന്നു.
