കേരളം വികസന മുന്നേറ്റത്തിന്റെ പാതയിലാണെന്നും പരിസ്ഥിതി സംരക്ഷണത്തെയും വികസന ലക്ഷ്യങ്ങളുടെ ഭാഗമായി തന്നെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വികസന മാതൃകയുടെ പുതിയ പതിപ്പ് യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിത കേരളം മിഷൻ സംഘടിപ്പിച്ച പരിസ്ഥിതി സംഗമം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരളത്തിനായി ജലസുരക്ഷാ സമീപന രേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ജലസുരക്ഷാ സമീപന രേഖ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല് സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ്. ഏറ്റുവാങ്ങി.
വിഴിഞ്ഞം വൻ വികസന സാധ്യതകളാണ് സംസ്ഥാനത്ത് തുറന്നിടുന്നത്. സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ സംരംഭങ്ങൾക്ക് ജലം ഉറപ്പാക്കണം. അതേസമയം ഈ സംരംഭങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ അവിടെ കുറ്റമറ്റ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പരിസ്ഥിതി മേഖലയിലും, ജലമേഖലയിലും, മാലിന്യ പരിപാലന രംഗത്തും വിവിധ ക്യാമ്പയിനുകൾ ഉൾപ്പെടെ ഹരിതകേരളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ഗുണപരമായ മാറ്റങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കുന്നതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രാദേശികതലത്തിൽ ജലലഭ്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഇക്കാര്യം മുൻനിർത്തിയാണ് 673 ഗ്രാമപഞ്ചായത്തുകൾ ജല ബജറ്റ് തയ്യാറാക്കിയത് ശ്രദ്ധേയമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ജല ബജറ്റിനെ അധികരിച്ചുള്ള തുടർ പ്രവർത്തനം ആവശ്യമാണെന്നും ഓർമ്മിപ്പിച്ചു.
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഏറെ മാറ്റങ്ങൾ ഉണ്ടായി. ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ഹരിത ടൗണുകളും ഹരിത ടൂറിസം കേന്ദ്രങ്ങളും സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കണം. ജലസ്രോതസ്സുകൾ വീണ്ടെടുത്ത് ശുദ്ധജല ലഭ്യത ഉറപ്പാക്കി ടാങ്കർ ലോറിയിലൂടെയുള്ള കുടിവെള്ള വിതരണം മൂന്നുവർഷത്തിനുള്ളിൽ നിർത്തലാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സംസ്ഥാനത്ത് മികച്ചതും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്ഥാപനങ്ങളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു. പശ്ചിമഘട്ട പ്രദേശങ്ങളിൽ തരിശ് കിടക്കുന്ന തണ്ണീർ തടങ്ങളിൽ നെൽകൃഷി തിരികെ കൊണ്ടുവരാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് പ്രചോദനമായ ഇടുക്കി അടിമാലിയിലെ കട്ടമുടിയിൽ നിന്നുള്ള നീലമ്മയെ മുഖ്യമന്ത്രി ആദരിച്ചു. പ്രളയത്തിലും കോവിഡിലും തങ്ങൾക്ക് ഭക്ഷണവും അരിയും നൽകി ചേർത്തു നിർത്തിയത് മുഖ്യമന്ത്രി ആണെന്ന് പറഞ്ഞ് കട്ടുമുടിയിൽ നിന്ന് കൊണ്ടുവന്ന അരി മുഖ്യമന്ത്രിക്ക് നൽകി നീലമ്മ നന്ദി പ്രകാശിപ്പിച്ചു. ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എസ്., ഐ.ബി. സതീഷ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ ഡോ. ജിജു പി. അലക്സ്, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടി..വി. അനുപമ ഐ.എ.എസ്., കെ.എസ്.ഡബ്ല്യു.എം.പി. എക്സിക്യൂട്ടീവ് ഡയറക്ടർ ദിവ്യ എസ്. അയ്യർ ഐ.എ.എസ്., കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേഷ്, ചേമ്പര് ഓഫ് മുനിസിപ്പൽ ചെയർമാൻ കേരള ജനറൽ സെക്രട്ടറി എം. കൃഷ്ണദാസ്, എം.ജി.എൻ.ആർ.ഇ.ജി.എസ്. മിഷൻ ഡയറക്ടർ ഇൻ ചാർജ് രവിരാജ് ആർ., ക്ലീൻ കേരള കമ്പനി ഡയറക്ടർ ജി.കെ. സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ രജത്ത് നന്ദി പ്രകാശിപ്പിച്ചു.
