ലഹരിവിപത്ത്: വരുന്നു കേരളാ മോഡൽ പ്രതിരോധം; കർമപദ്ധതി തയാറാക്കാൻ സർക്കാർ സമിതി
ലഹരിവിപത്തിനെ ചെറുക്കാൻ സംസ്ഥാനസർക്കാർ നാടൊന്നാകെ പ്രതിരോധമൊരുക്കും. എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ഏപ്രിൽ മുതൽ അതിശക്തമായ പ്രചാരണപരിപാടി ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷയായി വിവിധ വകുപ്പുകൾ ഉൾപ്പെട്ട സമിതി ലഹരിവിരുദ്ധ കർമപദ്ധതിയുടെ രൂപരേഖ തയാറാക്കും. സ്കൂളുകളിലെ ലഹരിവിരുദ്ധ ബോധവൽക്കരണം എൽപി ക്ലാസുകൾ മുതൽ ആരംഭിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
