മുഖ്യമന്ത്രിയുടെ ഓഫിസ്, വസതി, രാജ്ഭവൻ എന്നിവിടങ്ങളിൽ വ്യാജ ബോംബ് ഭീഷണി.
മുഖ്യമന്ത്രിയുടെ ഓഫിസ്, ഒൗദ്യോഗിക വസതി, രാജ്ഭവൻ, ഗതാഗത കമ്മിഷണറുടെ ഓഫിസ് എന്നിവിടങ്ങളിൽ വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാവിലെയാണ് ഇമെയിൽ ഭീഷണി സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലും ക്ലിഫ്ഹൗസിലും ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇമെയിലിലേക്കാണു വന്നത്. ഒൗദ്യോഗിക പരിപാടികൾക്കായി മുഖ്യമന്ത്രി ഇന്നലെ ഇടുക്കിയിലും ഗവർണർ കോട്ടയത്തുമായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിലെയും വീട്ടിലെയും എല്ലാവരെയും ഒഴിപ്പിക്കണമെന്നും ഉച്ചയ്ക്ക് രണ്ടരയ്ക്കു ബോംബ് പൊട്ടുമെന്നുമായിരുന്നു ഭീഷണി. വിവരമറിഞ്ഞയുടൻ ബോംബ്, ഡോഗ് സ്ക്വാഡുകളും പൊലീസും ഓഫിസിലേക്കും വസതിയിലേക്കും കുതിച്ചു. 11.30ന് ആരംഭിച്ച തിരച്ചിൽ വൈകിട്ട് 4 വരെ നീണ്ടു. സെക്രട്ടേറിയറ്റിലെ മറ്റ് ഓഫിസുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയ ശേഷമാണു സംഘം മടങ്ങിയത്
മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ചതിനു സമാന സന്ദേശമാണ് മറ്റൊരു ഇമെയിൽ വിലാസത്തിൽ നിന്നു രാജ്ഭവനിലേക്കുമെത്തിയത്. പൊലീസ്, ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി ഭീഷണി വ്യാജമാണെന്നുറപ്പിച്ചു. ഗതാഗത കമ്മിഷണറുടെ ഓഫിസിലെ ഇമെയിലിൽ പുലർച്ചെയാണു ഭീഷണി സന്ദേശം ലഭിച്ചത്.
തുടർച്ചയായ മൂന്നാം ദിവസമാണു തിരുവനന്തപുരത്ത് ബോംബ് ഭീഷണി സംബന്ധിച്ച വ്യാജ സന്ദേശമെത്തുന്നത്. ശനിയാഴ്ച നഗരത്തിലെ 3 ഹോട്ടലുകളിലും ഞായറാഴ്ച വിമാനത്താവളം, സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും ഭീഷണിയെത്തി. ഇമെയിൽ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സൈബർ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം
