മുതലപ്പൊഴിയിലെ പൊഴിമൂടൽ; 20 ലക്ഷം രൂപയുടെ നഷ്ടം.
മുതലപ്പൊഴിയിൽ പൊഴിമൂടിയതു മൂലം കഠിനംകുളം കായൽ കേന്ദ്രീകരിച്ചു മത്സ്യക്കൃഷി നടത്തി വന്നവർക്കു നഷ്ടം 20ലക്ഷത്തിലേറെ രൂപ. കായൽത്തീരങ്ങളിലെ വെട്ടുകൾ കേന്ദ്രീകരിച്ചു മത്സ്യക്കൂടുകൾ നിർമിച്ചു കരിമീൻ, കൊഞ്ച് എന്നിവയടക്കം വൻതോതിൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു വളർത്തിയ 20ൽപരം മത്സ്യകർഷകർഷകർക്കാണു നഷ്ടമുമുണ്ടായത്. പൊഴിമൂടിയതോടെ വെട്ടുകളിൽ ക്രമാതീകമായി വെള്ളമുയർന്നു.
മത്സ്യകുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി. കൂടുകളിൽ നിക്ഷേപിച്ചു ആഴ്ചകൾ മാത്രം പ്രായമായ മൂന്നു ടണ്ണിലേറെ വരുന്ന കരിമീൻ കുഞ്ഞുങ്ങളാണ് പൊഴിമുറിഞ്ഞ പ്പോൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ കായൽ തീരങ്ങളിൽ വലയിട്ടുമീൻകൂടുകൾ നിർമിച്ചു മത്സ്യക്കൃഷിയിലേർപ്പെട്ടിരുന്ന 47ൽപ്പരം മത്സ്യക്കർഷകരുടെ മീൻകുഞ്ഞുങ്ങളുടെ ശേഖരവും പൂർണമായി നശിച്ച നിലയിലാണ്.
ഫിഷറീസ് വകുപ്പിന്റെ കീഴിൽ വൻതുക വായ്പയെടുത്തു മത്സ്യക്കൃഷി നടത്തിയവരാണ് പലരും. അഴൂരിൽ സ്വകാര്യമേഖലയിൽ ഒരേക്കറിലധികം സ്ഥലത്തു വിപണനത്തിനു പാകമായിരുന്ന 15ലക്ഷം രൂപ വിലമതിക്കുന്ന വളർത്തുമത്സ്യങ്ങൾ ചത്തുപൊങ്ങി. ചിറയിൻകീഴ് മത്സ്യ കർഷക സഹകരണസംഘത്തിന്റെ കീഴിൽ 20കൂടുകളിലായി നിക്ഷേപിച്ചിരുന്ന വൻ കരിമീൻ ശേഖരവും 45,000ത്തിലേറെ മത്സ്യക്കുഞ്ഞുങ്ങൾ നശിച്ചതായി മത്സ്യസഹകരണസംഘം സഹകാരികൾ അറിയിച്ചു.
സർക്കാർ തലത്തിൽ അടിയന്തര ധനസഹായം അനുവദിക്കുക, മത്സ്യക്കൃഷി തുടരുന്നതിനാവശ്യമായ സഹായങ്ങൾ ഫിഷറീസ് വകുപ്പു മുഖേന അടിയ ലഭ്യമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ മത്സ്യക്കൂടുകൃഷിയിലേർപ്പെട്ടിട്ടുള്ള കർഷകർ ഫന്നയിച്ചു. പെരുങ്ങുഴി, അഴൂർ, മുരുക്കുംപുഴ, ഇടഞ്ഞുംമൂല, കോളത്ത് കായൽതീരം, കടകം, പുളുന്തുരുത്തി, ചിറയിൻകീഴ് എന്നിവിടങ്ങളിലാണു കൂടുതൽ നാശനഷ്ടമുണ്ടായിട്ടുള്ളത്.
