ആറ്റിങ്ങൽ.ഏപ്രിൽ 6-ാം തീയതി രാത്രി കടയ്ക്കാവൂർ സ്വദേശിയെ കടയ്ക്കാവൂർ തിനവിളയിൽ നിന്നും മോട്ടോർ സൈക്കിളിൽ കയറ്റി ആറ്റിങ്ങൽ നഗരത്തിലെ ബാറിൽ കൊണ്ട് വന്ന് മദ്യം ഒഴിച്ച് നൽകി ബോധം കെടുത്തി ആറ്റിങ്ങൽ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിന് പുറക് വശം കൊണ്ട് വന്ന് മർദ്ദിച്ച് അവശനാക്കിയ ശേഷം ടിയാൻറെ കഴുത്തിൽ കിടന്ന 3 പവൻ മാലയും, 25000/- രൂപയും കവർന്ന കേസുകളിലെ പ്രതിയായ കീഴാറ്റിങ്ങൽ തിനവിള അംഗൻവാടിയ്ക്ക് സമീപം നെടിയവിള വീട്ടിൽ ശിവാനന്ദൻ മകൻ എറണ്ട എന്ന് വിളിക്കുന്ന രാജു വയസ്സ് 47, ചിറയിൻകീഴ് മേൽകടയ്ക്കാവൂർ പഴഞ്ചിറ കാട്ടുവിള വീട്ടിൽ മോഹനൻ മകൻ ചപ്രകുമാർ @ കുമാർ എന്ന് വിളിക്കുന്ന പ്രദീപ് വയസ്സ് 40 എന്നിവർ അറസ്റ്റിൽ. അറസ്റ്റിലായ എറണ്ട എന്ന് വിളിക്കുന്ന രാജു ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ് പോലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, കൂട്ടായ്മകവർച്ച അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ്. അപമാനം ഭയന്ന് പരാതിക്കാരൻ തനിക്ക് പറ്റിയ പരിക്കുകൾ മറിഞ്ഞ് വീണ് ഉണ്ടായതാണെന്ന് വീട്ടുകാരോട് പറയുകയും, പിന്നീട് യഥാർത്ഥ സംഭവം മനസിലാക്കിയ വീട്ടുകാർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകുകയായിരുന്നു. 1990 മുതൽ നാളിതുവരെയുള്ള കാലയളവിൽ 30 ഓളം കേസുകളിൽ പ്രതിയായുളള രാജു സംഭവത്തിന് ശേഷം തൃശ്ശൂർ ചാവക്കാടേക്ക് ഒളിവിൽ പോവുകയായിരുന്നു. രാജുവിനെ ചാവക്കാട് നിന്നും, കുമാറിനെ കഠിനംകുളം ഭാഗത്ത് നിന്നും ആറ്റിങ്ങൽ എസ് എച് ഒ ഗോപകുമാർ.ജി യുടെ നേതൃത്വത്തിൽ എസ് ഐ മാരായ ജിഷ്ണു, ബിജു ഹക്ക്, എ എസ് ഐ മാരായ രാധാകൃഷ്ണൻ, ശരത് കുമാർ എസ് സി പി ഒ മാരായ അനിൽകുമാർ, നിധിൻ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാൻറു ചെയ്തു.
