വിതുര∙ വർഷങ്ങൾ നീണ്ട അവഗണനയ്ക്ക് ഒടുവിൽ കരുതലിന്റെ മേൽക്കൂര ഉയരുമ്പോൾ ഒരു വിദ്യാർഥി പോലുമില്ലാതെ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ തൊളിക്കോട് ചെട്ടിയാംപാറ മേത്തൊട്ടി ഗവ. ട്രൈബൽ എൽപിഎസ്. തദ്ദേശ ഫണ്ടിൽ നിന്നും അനുവദിച്ച 6 ലക്ഷം രൂപ മുടക്കി കെട്ടിടത്തിന്റെ പഴകിയ ഓടുകൾ മാറ്റി ഷീറ്റുകൾ മേയുന്ന ജോലി പുരോഗമിക്കുന്നുണ്ടെങ്കിലും ഒരു വിദ്യാർഥി പോലും സ്കൂളിൽ പ്രവേശനം തേടാത്തതിനാൽ അടച്ചു പൂട്ടൽ ഭീഷണി നേരിടുകയാണ്. ഒരു വിദ്യാർഥിയും ഒരധ്യാപകനും മാത്രമായി പുതിയ അധ്യയന വർഷത്തിലേക്കു കടന്നതിലൂടെ രണ്ട് വർഷം മുൻപ് വാർത്തകളിൽ ഇടംപിടിച്ച സ്കൂളിൽ കഴിഞ്ഞ വർഷം ഒരു വിദ്യാർഥി പഠിച്ചിരുന്നു.
പുതിയ അധ്യയന വർഷം ഹെഡ്മിസ്ട്രസ് രാജി ഷീലയും പാചക തൊഴിലാളി എം.ശ്രീദേവിയും മാത്രമാണ് ഇപ്പോൾ സ്കൂളിലുള്ളത്. സ്കൂൾ നിലനിൽക്കണമെന്ന ആഗ്രഹത്തോടെ പാലോട് എഇഒ വി. ഷീജയുടെ നേതൃത്വത്തിൽ ഹെഡിമിസ്ട്രസും പഞ്ചായത്ത് അധികൃതരും ഉൾപ്പെടെ സമീപത്തെ വീടുകളിൽ സന്ദർശനം നടത്തി കുട്ടികളെ എത്തിക്കാൻ തീവ്രശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വർഷവും ഒരു വിദ്യാർഥി പോലുമില്ലാതെയാണ് പ്രവേശനോത്സവം നടന്നത്. എന്നാൽ ആറാമത്തെ പ്രവൃത്തി ദിവസത്തിനുള്ളിൽ നാലാം ക്ലാസിൽ ഒരു കുട്ടിയെത്തി. പക്ഷേ ആ കുട്ടി നാലാം ക്ലാസ് പൂർത്തിയാക്കി മറ്റൊരു സ്കൂളിലേക്ക് പോയതോടെ ആരും ഇല്ലാതെയായി. കാലപ്പഴക്കം മൂലം ചോർന്നൊലിക്കുന്ന കെട്ടിടവും അധ്യാപകരുടെ കുറവും അടച്ചു പൂട്ടിയേക്കുമെന്ന പ്രചാരണവുമാണ് സ്കൂളിൽ കുട്ടികൾ എത്താത്തതിനു പിന്നിൽ. വാഹനമില്ലാത്തതും പ്രശ്നമാണ്.
25 കുട്ടികളെങ്കിലും ഉണ്ടെങ്കിൽ വാഹനം അനുവദിക്കാമെന്ന് സ്ഥലം എംഎൽഎ വാക്ക് നൽകിയെങ്കിലും കുട്ടികളില്ലാത്തത് തടസ്സമായി. പുതിയ അധ്യയന വർഷത്തിലെ ആദ്യ ദിനം ഒരു കുട്ടി പോലും ഇല്ലാത്ത സാഹചര്യമാണെങ്കിലും ആറാമത്തെ പ്രവൃത്തി ദിനത്തിനു മുൻപ് കുട്ടികളെ എത്തിച്ചാൽ സ്കൂൾ പൂട്ടേണ്ട സാഹചര്യം ഉണ്ടാകില്ല. ഇനി അഥവാ ആറാം പ്രവൃത്തി ദിനമായ ചൊവ്വാഴ്ചയും സ്കൂളിന്റെ അംഗ സംഖ്യ പൂജ്യമായി തുടരുകയാണെങ്കിൽ അടുത്ത മാസം പകുതിയോടെ സ്കൂൾ പൂട്ടി ഉത്തരവ് വന്നേക്കും. ഒന്നര ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് ആകെയുള്ളത് 1975ൽ ഉദ്ഘാടനം ചെയ്യപ്പെട്ട 5 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം മാത്രമാണ്. ആ കെട്ടിടത്തിന്റെ മേൽക്കൂരയാണ് ഇപ്പോൾ മാറ്റുന്നത്.
വിതുര∙ വിദ്യാഭ്യാസ വകുപ്പും പഞ്ചായത്തും സ്കൂളിനോട് കാണിച്ചു കൊണ്ടിരിക്കുന്നത് കടുത്ത അവഗണനയെന്ന് ജില്ലാ പഞ്ചായത്ത് അംഗം ബി.പ്രതാപൻ. ഒരു വർഷമെങ്കിലും തുടരുമെന്ന് ഉറപ്പുള്ള അധ്യാപകരെ നിയമിക്കുന്നില്ലെന്നാണ് പ്രധാന പരാതി. പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും അധ്യാപകരുണ്ടെങ്കിലും അവർ ഇങ്ങോട്ടു കൊണ്ടു വരാനുള്ള ആത്മാർഥ ശ്രമം ഉണ്ടാകാറില്ലെന്ന് പ്രതാപൻ പറയുന്നു.
