ചിറയിൻകീഴ്∙ അഞ്ചുതെങ്ങ് കടലോര മേഖല വറുതിയുടെ നിഴലിൽ. ട്രോളിങ് നിരോധനം,ശക്തമായ കടൽക്ഷോഭം, പേമാരി എന്നിവ കടലോര നിവാസികളുടെ ജീവിതം ദുരിതമായിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കപ്പൽ മറിഞ്ഞു കണ്ടെയ്നറുകളിൽ നിന്നു കടലിൽ പതിച്ച പ്ലാസ്റ്റിക് ഗ്രാന്യൂളുകൾ അടക്കം മാലിന്യം കാരണം കടൽമത്സ്യ വിപണനം ഏറെ നിലച്ച അവസ്ഥയിലായിരുന്നു. പുറം കടലിൽ പോയി മീൻപിടിച്ചു സമീപ പ്രദേശങ്ങളിൽ വിൽപന നടത്തിവന്നിരുന്ന വലിയൊരു വിഭാഗം സ്ത്രീകൾ വീടുകളിൽ കഴിയേണ്ട സ്ഥിതിയാണ്.
കടൽത്തീരത്തോടു ചേർന്നുള്ള മീൻപിടിത്തവും ദുരിതത്തിലാണ്. തീരത്ത് ഒഴുകിനടക്കുന്ന കണ്ടെയ്നർ വേസ്റ്റുകൾ കയറി വലയടക്കം നശിക്കുന്ന സ്ഥിതിയുമുണ്ട്. ആദ്യഘട്ടങ്ങളിൽ കടൽത്തീരത്തു വൻതോതിൽ അടിഞ്ഞുകയറിയ പ്ലാസ്റ്റിക് ഗ്രാന്യൂൾസ് ശേഖരമടക്കമുള്ള മാലിന്യം നീക്കം ചെയ്യുന്നതിനു കോസ്റ്റൽ പൊലീസും പരിസ്ഥിതി പ്രവർത്തകരുമടങ്ങുന്ന സംഘങ്ങൾ സജീവമായിരുന്നെങ്കിലും ക്രമേണ മാലിന്യനീക്കം നിലച്ചു.
തീരത്തു മണലുമായി കൂടിക്കുഴഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക് ഗ്രാന്യൂൾ ശേഖരം വരും ദിവസങ്ങളിൽ ഗുരുതരമായ കടലോര പാരിസ്ഥിതിക പ്രശ്നങ്ങൾക്കു വഴിയൊരുക്കിയേക്കുമെന്ന ആശങ്കയും ഉണ്ട്.മഴ കനത്താൽ അഞ്ചുതെങ്ങിൽ ദുരിതം കനക്കും. മുതലപ്പൊഴി അഴിമുഖത്തു നിലനിൽക്കുന്ന പ്രശ്നങ്ങളും മണൽനീക്കവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. മത്സ്യബന്ധനബോട്ടുകൾക്കു പുറം കടലിലേക്കു പുറപ്പെടുന്നതിനും തീരത്തണയുന്നതിനും ബുദ്ധിമുട്ടാണ്.
. കഴിഞ്ഞ ദിവസം മീൻപിടിക്കാനായി മുതലപ്പൊഴി അഴിമുഖ ചാനൽ കടക്കാനെത്തിയ പെരുമാതുറ സ്വദേശികളായ രണ്ടംഗ മത്സ്യത്തൊഴിലാളി സംഘത്തിന്റെ ബോട്ട് ശക്തമായ തിരച്ചുഴിയിൽ നിയന്ത്രണം വിട്ടു സമീപത്തെ പുലിമുട്ടുകളിലേക്കിടിച്ചു കയറി. ബോട്ടടക്കം മത്സ്യബന്ധനോപകരണങ്ങൾ പൂർണമായി നശിച്ചു. തൊഴിലാളികൾക്കും സാരമായി പരുക്കേറ്റു.
