തിരുവനന്തപുരം ∙ രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദം വീണ്ടും. ഇന്നത്തെ പരിപാടിയില്‍നിന്ന് മന്ത്രി വി.ശിവന്‍കുട്ടി ഇറങ്ങിപ്പോയി. സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ ആശംസ അറിയിച്ചശേഷം മന്ത്രി പോകുകയായിരുന്നു. രാജ്ഭവനില്‍നിന്നുള്ള അറിയിപ്പില്‍ ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും അവിടെ ചെല്ലുമ്പോഴാണ് ഭാരതാംബയുടെ ചിത്രം വച്ചിരിക്കുന്നത് കണ്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പ്രസംഗത്തില്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചത് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു
സര്‍ക്കാരും രാജ്ഭവനും സംയുക്തമായി നടത്തുന്ന പരിപാടിയില്‍ ഇത്തരം രാഷ്ട്രീയ ചിഹ്നങ്ങള്‍ ബോധ്യപ്പെടുന്ന ചിത്രം വച്ച് വിളക്കു കത്തിക്കുന്നത് ശരിയല്ലെന്നും അതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. രാജ്ഭവനെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഇന്ത്യ എന്റെ രാജ്യമാണ്. ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്രസങ്കല്‍പ്പവും അതിനു മുകളില്‍ അല്ല എന്ന് പ്രിയപ്പെട്ട കുട്ടികളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രസംഗത്തില്‍ പറഞ്ഞു. ഗവര്‍ണറുടെ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് യോഗത്തില്‍നിന്ന് വാക്കൗട്ട് ചെയ്യുന്നതായി അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.
മുൻപുണ്ടായിരുന്ന ഗവര്‍ണറേക്കാള്‍ കടുത്ത രാഷ്ട്രീയ നിലപാടാണ് ഈ ഗവര്‍ണര്‍ എടുത്തിരിക്കുന്നത്. മന്ത്രി പി.പ്രസാദ് ഉള്‍പ്പെട്ട വിവാദം മുന്‍പുണ്ടായതാണ്. ഇന്നലെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയരുന്നതാണ്. ഇതിനെല്ലാം ശേഷം വളരെ അഹങ്കാരത്തോടെയും ധിക്കാരത്തോടെയും ആണ് ഇന്ന് കുട്ടികളുടെ പരിപാടിയില്‍ എടുത്തിരിക്കുന്ന നിലപാട്. ഈ രൂപത്തിലാണ് നടപടിക്രമങ്ങള്‍ എങ്കില്‍ അവാര്‍ഡ് വാങ്ങാന്‍ ഗവര്‍ണര്‍ വിളിച്ചെന്നു പറഞ്ഞ് കുട്ടികള്‍ പോകുകയില്ല. മാന്യമായി പരിപാടി നടത്തുമെന്ന് വിചാരിച്ചാണ് കുട്ടികളോട് പോകാന്‍ പറഞ്ഞത്. വേണമെങ്കില്‍ അവിടെയുള്ള കുട്ടികളെയും വിളിച്ചുകൊണ്ട് ഇറങ്ങാമായിരുന്നു. എന്റെ മാന്യത കൊണ്ട് ഞാന്‍ അത് ചെയ്തില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
അവിടെ ഇരുന്ന കുട്ടികളുടെ മനസില്‍ എത്രമാത്രം വര്‍ഗീയത തിരുകിക്കയറ്റാനാണ് ഗവര്‍ണര്‍ ശ്രമിച്ചത്. കുട്ടികളാരും ഇത്തരമൊരു ചിത്രം കണ്ടിട്ടുണ്ടാകില്ല. ഇനിയിപ്പോള്‍ ഭാരതാംബയുടെ ചിത്രം പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തുമായിരിക്കും. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഒരുതരത്തിലുള്ള ചിഹ്നങ്ങളും സ്കൂളുകളില്‍ വയ്ക്കാന്‍ പാടില്ലെന്ന് മുന്‍കൂട്ടി അറിയിപ്പുള്ളതാണ്. രാജ്ഭവന് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ കുടുംബസ്വത്തല്ലല്ലോ. സത്യപ്രതിജ്ഞാ വേളയില്‍ ഇത്തരത്തില്‍ ആര്‍എസ്എസ് ചിത്രം വച്ചാല്‍ എന്തു ചെയ്യണമെന്ന് അപ്പോള്‍ ആലോചിക്കും. അതിനുള്ള ധൈര്യം ആര്‍എസ്എസ് ഗവര്ണര്മാക്കുണ്ടാകുമോ. ഇനിയിപ്പോള്‍ ഗവര്‍ണറെ വിളിക്കുന്ന പരിപാടിക്കെല്ലാം ഭാരതാംബയെ ഉണ്ടാക്കേണ്ടിവരുമല്ലോ എന്നും മന്ത്രി പറഞ്ഞു.
ഇതൊന്നും കേരളത്തില്‍ നടക്കില്ല. വളരെ വിലകുറഞ്ഞ നിലപാടാണിത്. ഇങ്ങനെയാണ് ഗവര്‍ണറുടെ സമീപനമെങ്കില്‍ പരിപാടികളിലേക്ക് ക്ഷണിക്കേണ്ടെന്ന് പൊതുവില്‍ തീരുമാനിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
