ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅ: മന്നാനിയ്യായിൽ വർഷംതോറും നടത്തിവരുന്ന ബുഖാരി മജ്ലിസിന് ഇന്ന് തുടക്കമാകും. ഓഗസ്റ്റ് 24ന് സമാപിക്കും. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും പ്രബലമായ വിശുദ്ധ ഗ്രന്ഥമാണ് നബിചര്യ പ്രതിപാദിക്കുന്ന “ബുഖാരി ഷെരീഫ്”. വർക്കല ജാമിഅ: മന്നാനിയ്യാ കാമ്പസിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ബുഖാരി മജ്ലിസിൽ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗൽഭ മതപണ്ഡിതന്മാർ 7000-ത്തിലധികം ഹദീസുകൾ പാരായണം ചെയ്തു വിശദീകരിക്കും.
ഇന്ന് (ജൂലൈ 26,ശനിയാഴ്ച) വൈകുന്നേരം 4 മണിക്ക് വർക്കല ജാമിഅ: മന്നാനിയ്യാ ബുഖാരി മജ്ലിസ് ഹാളിൽ തെന്നിന്ത്യയിലെ പ്രമുഖ മതപണ്ഡിതനും സൂഫിവര്യനുമായ അതിരാംപട്ടണം കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത് ആറ്റാശ്ശേരി ബുഖാരി മജ്ലിസ് ഉദ്ഘാടനം ചെയ്യും. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് അൽഉസ്താദ് കെ.പി അബൂബക്കർ ഹസ്രത്ത് അധ്യക്ഷത വഹിക്കും.
മന്നാനിയ്യാ ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, സയ്യിദ് മുത്തുകോയ തങ്ങൾ, പണ്ഡിതന്മാർ, സാദാത്തുക്കൾ, ഉമറാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ഓഗസ്റ്റ് 24 വരെ നീണ്ടുനിൽക്കുന്ന ബുഖാരി മജ്ലിസ് എല്ലാ ദിവസവും വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6.30 മണിക്ക് അവസാനിക്കും. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ബുഖാരി മജ്ലിസിൽ പങ്കെടുക്കുന്നതിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജാമിഅഃ മന്നാനിയ്യാ ഭാരവാഹികൾ അറിയിച്ചു.
