വർക്കല : ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെയും ചെമ്മരുതി ഗവണ്മെന്റ് ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 17 മുതൽ നടന്നുവന്ന ദേശീയ ആയുർവേദ ദിനാചരണ വാരാഘോഷ പരിപാടികൾ സെപ്റ്റംബർ 23 ചൊവ്വാഴ്ച സമാപിക്കും.
അങ്കണവാടികളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, യോഗ പരിശീലനം, സ്കൂൾ കുട്ടികൾ, ഭിന്നശേഷി കുട്ടികളുടെ അമ്മമാർ എന്നിവർക്കുള്ള ആയൂർവേദ ബോധവൽക്കരണ ക്ലാസുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി ഔഷധ ഉദ്യാന സന്ദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് വാരാചരണത്തിന്റെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ചത്.
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചെമ്മരുതി ഗവണ്മെന്റ് ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററിൽ നടക്കുന്ന ചെമ്മരുതി ഗ്രാമപഞ്ചായത്ത്തല ആയുർവേദ ദിനാചരണ വാരാഘോഷങ്ങളുടെ സമാപന സമ്മേളനം ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഗീതാനളൻ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ലിനീസ് ആരോഗ്യ ഭക്ഷ്യമേള പ്രദർശനം ഉദ്ഘാടനം ചെയ്യും. വാർഡ് അംഗം അഭിരാജ് സൗജന്യ പ്രമേഹ രോഗനിർണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, യോഗക്ലബ്ബ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ,അങ്കണവാടി, എ.എച്ച്.ഡബ്ല്യൂ.സി ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.
വാരാഘോഷ സമാപനത്തിന്റെ ഭാഗമായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ പ്രമേഹരോഗ നിർണ്ണയക്യാമ്പും സെന്ററിൽ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ചെമ്മരുതി ഗവണ്മെന്റ് ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്റർ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഗിരിജ.എസ് അറിയിച്ചു.
